Saturday, December 4, 2010

ആട്ടിന്‍‌തോലണിഞ്ഞ ചെന്നായ്ക്കള്‍

ഇത്തരമൊരു പംക്തിയില്‍ പരാമര്‍ശിക്കപ്പെടാന്‍ തക്ക യോഗ്യത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ‘പുരോഗമന’ പ്രസിദ്ധീകരണങ്ങള്‍ക്ക് ഇല്ലാ എങ്കിലും സഖാക്കളെ സഭാചരിത്രം പഠിപ്പിക്കാന്‍ മാര്‍ക്സിസ്റ്റ് സൈദ്ധാന്തികര്‍ ഇറങ്ങുമ്പോള്‍ അതിലെ ‘വൈരുദ്ധ്യാത്മകത’ നിഷ്പക്ഷമതികളെ ചൂണ്ടിക്കാണിക്കേണ്ടതുണ്ടല്ലോ. ‘ചെകുത്താന്‍ വേദമോതുന്നു‘ എന്ന പഴഞ്ചൊല്ലിനെ ഓര്‍മപ്പെടുത്തുന്ന വിധത്തില്‍ ദേശാഭിമാനി വാരികയിലാണ് ‘മതം/ചരിത്രം’ എന്ന പേരില്‍ പംക്തി ആരംഭിച്ചിരിക്കുന്നത്. മതം എന്നാല്‍ ഈ ലോകത്ത് കത്തോലിക്കാ സഭ മാത്രമാണെന്ന് തോന്നിപ്പിക്കത്തക്ക വിധത്തില്‍ കത്തോലിക്കാ സഭയുടെ രാഷ്ട്രീയ വഴികള്‍ എന്ന ‘സബ് ഹെഡ് ‘ ബ്രാക്കറ്റിലും നല്‍കുന്നുണ്ട്. മാര്‍പ്പാപ്പാമാരുടെ ഭരണാധികാരത്തെക്കുറിച്ചു പറഞ്ഞ് തുടങ്ങിയ പ്രസ്തുത ലേഖന പരമ്പരയുടെ മൂന്നാം ഭാഗം വായിക്കുന്നവര്‍ക്ക് സഭാചരിത്രത്തെക്കുറിച്ച് സഖാവിനുള്ള ജ്ഞാനം മനസ്സിലാക്കാം. കുരിശു യുദ്ധങ്ങളെക്കുറിച്ച് പ്രതിപാദിച്ചു കൊണ്ട് ‘മാര്‍ക്സിസ്റ്റ് സഭാ ചരിത്രകാരന്‍‘ രേഖപ്പെടുത്തുന്നത് ഇങ്ങനെ സംഗ്രഹിക്കാം 'യൂറോപ്പിലെങ്ങും ക്രിസ്തുമതം പടര്‍ന്നത് കുരിശു യുദ്ധങ്ങളെ തുടര്‍ന്നാണ്. മുസ്ലീങ്ങളുടെ ധീരമായ ചെറുത്തു നില്‍പ്പാണ് ഏഷ്യയെ ക്രിസ്ത്യന്‍ അധിനിവേശത്തില്‍ നിന്നും രക്ഷിച്ചത്. യൂറോപ്പിലെ മറ്റു മതങ്ങളെപ്പോലെ ഹിന്ദുമതം ഇന്‍ഡ്യയില്‍ നാമാവശേഷമാകാതിരുന്നതിന് സംഘപരിവാരങ്ങള്‍ മുസ്ലീങ്ങളോട് കടപ്പെട്ടിരിക്കുന്നു.’ തീര്‍ന്നില്ല വിശുദ്ധരായ സന്യാസി ശ്രേഷ്ഠന്മാരെയും, സഭാപിതാക്കന്മാരെയുമൊക്കെ ‘മാര്‍ക്സിസ്റ്റ് ഭാഷയില്‍ ‘ തന്നെ വിമര്‍ശിക്കുന്നുമുണ്ട്. ക്രിസ്തുമതം ഉദ്ഭവിച്ചത് ഏഷ്യയിലാണെന്നും, അതിന് അരസഹസ്രാബ്ദം പ്രായമുള്ളപ്പോള്‍ മാത്രം ഉദ്ഭവിച്ച ഇസ്ലാം മതത്തിലെ ഭരണാധികാരികളുടെ കൊടും പീഡനം മൂലമാണ് ഇന്ന് ജന്മനാട്ടില്‍ ക്രിസ്ത്യാനികള്‍ ന്യൂനപക്ഷമായിരിക്കുന്നത് എന്നും യൂറോപ്പിലേക്കുള്ള തുര്‍ക്കികളുടെ പ്രയാണത്തെ തടുത്ത് നിര്‍ത്തിയത് കുരിശു യുദ്ധങ്ങളാണെന്നും സാമാന്യ ചരിത്ര ജ്ഞാനമുള്ളവര്‍ക്കൊക്കെ അറിവുള്ളതാണല്ലോ. അപ്പോള്‍ പിന്നെ മാര്‍ക്സിസ്റ്റുകളുടെ ഈ പുതു ചരിത്ര രചനയ്ക്കു പിന്നിലെ ലക്ഷ്യമെന്തായിരിക്കും? അമേരിക്ക ഇറാഖ് യുദ്ധത്തെ പോലും കുരിശു യുദ്ധമായി വ്യഖ്യാനിക്കുന്നവര്‍ക്കുള്ള ലക്ഷ്യം തന്നെ. എ.ഡി 1000-ലും 2000-ലും കത്തോലിക്കാ സഭ ലോകാവസാനം പ്രവചിച്ചു എന്ന കണ്ടു പിടുത്തവും ‘സഭാ ചരിത്രകാരനായ സഖാവ് ‘ നടത്തുന്നുണ്ട്. പത്തു മിനിട്ട് കൊണ്ട് 68 ‘ ഹോട്ട് ഡോഗ് ‘ തിന്ന് സായിപ്പ് ഗിന്നസ് ബുക്കില്‍ കയറിയതിനെ ‘പത്തു മിനിട്ട് കൊണ്ട് 68 പട്ടിയെ’ തിന്നു എന്നു വാര്‍ത്തയാക്കി ‘ഗിന്നസ് ബുക്കില്‍ കയറാന്‍ ഇങ്ങനെയും അഭ്യാസം’ എന്ന് ഒരു അഭിപ്രായവും ചേര്‍ത്ത് മുന്‍പേജ് വാര്‍ത്തയായി സഖാക്കന്മാര്‍ക്കു പകര്‍ന്നു കൊടുത്ത ‘ദേശാഭിമാനിയിലെ വിശാരദന്മാരുടെ വിജ്ഞാനം’ സാമാന്യ ജനത്തിന് അറിവുള്ളതിനാല്‍ ഈ ‘മാര്‍ക്സിസ്റ്റ് സഭാചരിത്രം’ അര്‍ഹിക്കുന്ന സ്ഥാനം എവിടെയാണെന്നും അവര്‍ക്ക് നല്ല നിശ്ചയമുണ്ട്.

‘കത്തോലിക്കര്‍ എന്തിന് കമ്മ്യൂണിസ്റ്റുകാരെ പേടിക്കണം?’ എന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ ചോദിക്കുന്നു നൈനാന്‍ കോശി. രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിനെക്കുറിച്ചും വിമോചന ദൈവശാസ്ത്രത്തെക്കുറിച്ചുമൊക്കെ പറഞ്ഞു പോകുന്ന ലേഖനം ഉപസംഹരിക്കുന്നത് ലാറ്റിന്‍ അമേരിക്കന്‍ മാതൃകയില്‍ സഭയും കമ്മ്യൂണിസവും ചേര്‍ന്നു പോകണമെന്ന് ഉദ്ബോധിപ്പിച്ചു കൊണ്ടാണ്. കത്തോലിക്കര്‍ക്ക് കമ്മ്യൂണിസ്റ്റുകാരെയല്ല, കമ്മ്യൂണിസ്റ്റുകള്‍ക്ക് കത്തോലിക്കരെയാണ് പേടി എന്നത് ഒരു ആഗോള സത്യമാണെന്ന് നൈനാന്‍ കോശിക്ക് അറിവില്ലാത്തതല്ല. കേരളത്തിലാണെങ്കില്‍ വിമോചനസമര കാലത്ത് കിട്ടിയ പേടി ഇതുവരെ പോയിട്ടില്ല എന്നു മാത്രമല്ല വളര്‍ന്നു വളര്‍ന്നു വരുകയുമാണ്. ലേഖനം വായിച്ചു തീരുമ്പോള്‍ മറ്റൊരു പേടി കൂടി വായനക്കാര്‍ക്കു മനസ്സിലാകും. ഇനിയൊരിക്കല്‍ കൂടി പാര്‍ലമെന്റ് കാണാന്‍ പറ്റുമോ എന്ന കോശിച്ചായന്റെ പേടി.

ചൈനീസ് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ലിയൂ സിയാബോ-യ്ക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചത് ചൈനീസ് ഇരുമ്പു മറയ്ക്കു പിന്നില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് ലോകം അറിവുള്ളവരാണ് എന്ന പ്രഖ്യാപനമായി. മുഖ്യധാരാ മാധ്യമങ്ങള്‍ കമ്മ്യൂണിസ്റ്റ് ചൈനയിലെ ഭരണകൂടത്തിന്റെ അതിക്രമങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്തു. എന്നാല്‍ നമ്മുടെ ഇടതുപക്ഷ ബുദ്ധി ജീവികളും മാധ്യമങ്ങളും അത് ‘അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഗൂഢ തന്ത്രമായി’ വിലയിരുത്തി.

അയോധ്യാ വിധിപ്രസ്താവം യാതൊരു പ്രശ്നങ്ങളുമില്ലാതെ കടന്നു പോയി. ‘മന്ദിര്‍മസ്ജിദ്’ പ്രശ്നത്തിന് പരിഹാരം കാണുവാന്‍ ഈ വിധി വഴിയൊരുക്കും എന്ന് സുമനസ്സുകള്‍ പ്രത്യാശ പ്രകടിപ്പിച്ചു. എന്നാല്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഒരുങ്ങിയിരുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടി കലങ്ങാത്ത വെള്ളം കലക്കാന്‍ തന്നെ തീരുമാനിച്ചു. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിതന്നെ വിധിയോടുള്ള വിയോജിപ്പ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. എന്തായാലും സഖാക്കള്‍ ആഗ്രഹിച്ച വഴിക്കുതന്നെ കാര്യങ്ങള്‍ നീങ്ങുന്നുണ്ട്. അപ്പീലുമായി സുപ്രീം കോടതിയെ സമീപിക്കാനുള്ള തീരുമാനം കേസിലെ കക്ഷികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ചൂടിലാണ് കേരളം. പഴയകാലത്തേതില്‍നിന്നു വ്യത്യസ്തമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭാരവാഹികള്‍ പോലും സ്വതന്ത്രവേഷത്തിലും ചിഹ്നത്തിലുമാണ് അങ്കത്തിനിറങ്ങിയിരിക്കുന്നത്. വെളുക്കെ ചിരിച്ച് മധുരതരമായി സംസാരിച്ച് വീടുകള്‍ കയറി ഇറങ്ങുന്നവര്‍ വ്യക്തികള്‍ക്ക് വോട്ട് നല്‍കാനാണ് അഭ്യര്‍ത്ഥിക്കുന്നത്. കോളേജ് തെരഞ്ഞെടുപ്പില്‍ പോലും രാഷ്ട്രീയം കലര്‍ത്തുകയും എതിര്‍ക്കുന്നവരെ ‘അരാഷ്ട്രീയ വാദികള്‍’ എന്നു മുദ്രകുത്തുകയും ചെയ്യുന്നവര്‍ ഈ തെരഞ്ഞെടുപ്പിനെ അരാഷ്ട്രീയവത്കരിക്കാന്‍ കച്ചകെട്ടി ഇറങ്ങിയത് എന്തിനാണെന്ന് മനസ്സിലാക്കുക, ആട്ടിന്‍‌തോലണിഞ്ഞ ചെന്നായ്ക്കളെ ജാഗ്രതയോടെ തിരിച്ചറിയുക.

Sunday, November 14, 2010

ചില ആവിഷ്കാര ചിന്തകള്‍

ആവിഷ്കാര സ്വാതന്ത്ര്യവും ആശയ വിനിമയ സ്വാതന്ത്ര്യവും മനുഷ്യന്റെ സ്വതന്ത്രചിന്തയെ അംഗീകരിക്കുന്ന ഏതൊരു സമൂഹത്തിലും നിലവിലുണ്ട്. ജനാധിപത്യ വ്യവസ്ഥിതിയില്‍ മാധ്യമങ്ങളോടൊപ്പം സാധാരണ പൌരനും ഈ സ്വാതന്ത്ര്യത്തിന് അവകാശമുണ്ട്. നിനക്ക് വടി കറക്കാന്‍ സ്വാതന്ത്ര്യമുണ്ട് പക്ഷേ എന്റെ മൂക്കിന്‍ തുമ്പത്ത് ആ സ്വാതന്ത്ര്യം അവസാനിക്കുന്നു എന്ന ചൊല്ലില്‍ സ്വാതന്ത്ര്യത്തിന്റെ പൊരുള്‍ ഉണ്ട്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തിലും മാധ്യമങ്ങളും വ്യക്തികളുമൊക്കെ ഈ പൊരുള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടതുണ്ട്. അങ്ങനെ പ്രവര്‍ത്തിക്കുന്നതാണ് വിവേകത്തിന്റെ ലക്ഷണവും. എന്നാല്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സംഘടനകള്‍ക്കും അവയിലെ പ്രവര്‍ത്തകര്‍ക്കും ഈ വിവേകം പലപ്പോളും ഉണ്ടാകാറില്ല. വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്ന നിഷേധികള്‍ ആകുവാന്‍ അവര്‍ കച്ച കെട്ടിയിറങ്ങുമ്പോള്‍ സമൂഹത്തിന്റെ സ്വൈര്യ ജീവിതത്തെ തന്നെ അതു ബാധിക്കുന്നു. പല പ്രശ്നങ്ങളും സംഘര്‍ഷത്തിലേക്ക് എത്തിപ്പെടാതെ പോകുന്നത് വിവേകമതികളുടെ സഹിഷ്ണുത മൂലമാണുതാനും.

പ്രശസ്തിയിലേക്കുയരുവാന്‍ വേറിട്ട ശബ്ദം കേള്‍പ്പിക്കണമല്ലോ അതിന് ഏറ്റവും എളുപ്പമുള്ള മാര്‍ഗം ക്രൈസ്തവ സഭയേയോ, പുരോഹിതരെയോ, ക്രിസ്തുവിനെ തന്നെയോ വിമര്‍ശിക്കുകയും താറടിച്ചു കാണിക്കുകയും ചെയ്യുക എന്നതാണ്. മറ്റു സംഘടിത സമൂഹങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നത് ആരോഗ്യത്തിനു ഹാനികരമാണെന്നതിനാല്‍ സമാധാനപ്രേമികളായ ക്രൈസ്തവ സമൂഹത്തെ തന്നെ ചവിട്ടി കയറാനുള്ള ഏണിയായി ഉപയോഗപ്പെടുത്തുന്നതാണ് സുരക്ഷിതം. ഇങ്ങനെ വിജയകരമായി ബുദ്ധിജീവി പദത്തിലെത്തിച്ചേര്‍ന്നവര്‍ ഒരുപാടുണ്ട് കേരളത്തില്‍. ശവംതീനി ഉറുമ്പുകള്‍ സഭാ ഗാത്രത്തില്‍ ആറാം തിരുമുറിവ് സൃഷ്ടിക്കുവാന്‍ തുനിഞ്ഞിറങ്ങിയ കാലം ഒരുപാട് പുറകിലൊന്നുമല്ലല്ലോ. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ക്രൈസ്തവ വിരുദ്ധമായ എന്തിനേയും ആഘോഷമാക്കുവാന്‍ എന്നും മുന്നില്‍ ഈ പുരോഗമന പ്രസ്ഥാനങ്ങള്‍ ആയിരുന്നു. അപ്പോള്‍ സ്വാഭാവികമായും ഈ പുരോഗമനക്കാര്‍ തങ്ങള്‍ക്കു നേരെ ഉണ്ടാകുന്ന വിമര്‍ശനങ്ങളെയും ഈ സ്വാതന്ത്ര്യത്തിന്റെ ദൃഷ്ടിയില്‍ കാണേണ്ടതല്ലേ? അതല്ലേ മാന്യത. പക്ഷേ സമീപകാലത്തെ ചില സംഭവങ്ങള്‍ തെളിയിക്കുന്നത് അങ്ങനെയൊരു മാന്യത ഇക്കൂട്ടര്‍ക്കില്ല എന്നതാണ്.

കേരളത്തിലെ സൈബര്‍ കുറ്റാന്വേഷണ വിഭാഗം കൈകാര്യം ചെയ്ത കേസുകളെക്കുറിച്ച് മിക്ക പത്രങ്ങളും ഒരു ചെറുവാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. പിണറായി വിജയന്റെ വീട് എന്ന പേരില്‍ ഒരു ആഡംബര വസതിയുടെ ചിത്രം ഇ-മെയിലിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുത്ത സംഭവം സൈബര്‍ സെല്ലിന്റെ നേട്ടങ്ങളില്‍പ്പെടുത്തി പ്രതിപാദിക്കുന്നുണ്ട് ഈ വാര്‍ത്തയില്‍. ആരോഗ്യമന്ത്രി ശ്രീമതി ഡോക്ടര്‍മാരുടെ സമ്മേളനത്തില്‍ നടത്തിയ ഇംഗ്ലീഷ് പ്രസംഗം വീഡിയോ ഷെയറിംഗ് പോര്‍ട്ടല്‍ ആയ യുട്യൂബില്‍ കൊടുത്ത ആളിനെ അന്വേഷിച്ചുവെങ്കിലും ചൈനയില്‍ നിന്നാണ് പ്രസ്തുത വീഡിയോ, സൈറ്റില്‍ കൊടുത്തിരിക്കുന്നതെന്നാണ് കണ്ടെത്തുവാന്‍ സാധിച്ചത്. ചില സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് യഥാര്‍ഥ ഉറവിടസ്ഥാനം മറച്ചുവെച്ച് കേരളത്തില്‍നിന്നു തന്നെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ആര്‍ക്കും സംശയമില്ല. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം വന്നു കഴിഞ്ഞപ്പോള്‍ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയ്ക്കു പിന്നിലെ കാരണങ്ങള്‍, മനുഷ്യനു മനസ്സിലാകാത്ത പ്രത്യയശാസ്ത്ര ഭാഷ ഉപയോഗിച്ച് പാര്‍ട്ടി സെക്രട്ടറി വിശദീകരിക്കുന്നു എന്ന രീതിയില്‍ നര്‍മം ചാലിച്ച ഒരു ഇ-മെയില്‍ പ്രചരിച്ചിരുന്നു. പ്രസ്തുത ഇ-മെയില്‍ കൈമാറ്റം ചെയ്ത ചിലരെ അറസ്റ്റ് ചെയ്തുവെങ്കിലും യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തുവാന്‍ സാധിച്ചിട്ടില്ല. ഇന്റര്‍നെറ്റും ഇ-മെയിലുമൊക്കെ ഇന്ന് കാലദേശപ്രായഭേദമെന്യേ സര്‍വസാധാരണമായിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം നടപടികള്‍ സാധാരണ പൌരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള നഗ്നമായ കടന്നു കയറ്റമാണെന്നതില്‍ സംശയമില്ല. അമേരിക്കയുടെ യുദ്ധരഹസ്യങ്ങള്‍വരെ ഇന്റര്‍നെറ്റിലൂടെ പരസ്യമാക്കപ്പെടുന്ന കാലഘട്ടത്തില്‍ പുരോഗമനവാദികള്‍ ആരെയാണ് ഭയക്കുന്നത്? അടുത്തനാളില്‍ പാര്‍ലമെന്റ് പാസാക്കിയ സൈബര്‍ നിയമത്തില്‍ വ്യക്തിസ്വാതന്ത്ര്യത്തെ പോലും ഹനിക്കുന്ന അനേകം വശങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞ് വേണ്ടമാറ്റങ്ങള്‍ ചര്‍ച്ചയാക്കുവാന്‍ പോലും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് സാധിക്കാതെ പോയത് അജ്ഞത മൂലമോ അതോ...

കൌമുദി ആഴ്ചപ്പതിപ്പില്‍ യൂസഫലി കേച്ചേരി എഴുതുന്ന സമീക്ഷാകാവ്യം മിശിഹായനം പ്രസിദ്ധീകരണം തുടര്‍ന്നു കൊണ്ടിരിക്കുന്നു. ആര്‍ക്കുവേണ്ടിയോ പടച്ചുവിട്ട പ്രസ്തുത സാധനത്തിന് കാര്യമായ സാഹിത്യഗുണം ഒന്നും അവകാശപ്പെടാനില്ല. അതുകൊണ്ടുതന്നെയാവണം അതൊരു വിവാദമാക്കുവാന്‍ കൌമുദി കിണഞ്ഞു ശ്രമിച്ചതും. എന്തായാലും മിശിഹാചരിതത്തിന്റെ ഇസ്ലാമിക വീക്ഷണം പ്രതിപാദിക്കുന്ന ഈ മഹാകാവ്യത്തിന്റെ പേരില്‍ കേച്ചേരിയുടെ കൈ ഒരു തീവ്രവാദിയും വെട്ടിയിട്ടില്ല, ആശ്വാസം... മിശിഹായനത്തെ അഭിനന്ദിച്ചു കൊണ്ട് ഒരു വായനക്കാരന്റെ കത്ത് കൌമുദി പ്രസിദ്ധീകരിക്കുകയുണ്ടായി. മഗ്ദലന മറിയത്തെ പാപിനിയായി ചിത്രീകരിക്കുന്നു എന്നു പറഞ്ഞ് കത്തോലിക്കാ സഭയെ വിമര്‍ശിക്കുന്നതാണ് ആ കത്ത്. വള്ളത്തോളിന്റെ മഗ്ദലന മറിയം എന്ന കാവ്യം ഉളവാക്കിയ തെറ്റിദ്ധാരണ പലരിലും നിലനില്‍ക്കുന്നു എന്നതാണ് അതിനു കാ‍രണം. ഇവളില്‍ നിന്നാണ് അവന്‍ ഏഴു പിശാചുക്കളെ പുറത്താക്കിയത് എന്ന് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നത് മഗ്ദലനക്കാരി മറിയത്തെക്കുറിച്ചാണ് എന്നത് മറ്റാരെക്കാളും നന്നായി സഭയ്ക്ക് ബോധ്യമുണ്ട്. ക്രിസ്തുശിഷ്യയായ മറിയത്തെ സെന്റ് മേരി മഗ്ദലൈന്‍ എന്ന പേരില്‍ വിശുദ്ധയായി കത്തോലിക്കാ സഭ ആദരിക്കുന്നുമുണ്ട്. വള്ളത്തോള്‍ രചിച്ചത് കത്തോലിക്കാ സഭയുടെ വിശ്വാസപ്രമാണം അല്ലാ എന്നെങ്കിലും അജ്ഞത ഒരു അലങ്കാരമായി കൊണ്ടു നടക്കുന്നവര്‍ മനസ്സിലാക്കുക.

വിമോചനത്തിന്റെ പെണ്‍ദൂരങ്ങള്‍ എന്ന പേരില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ആനന്ദ് എഴുതിയ ലേഖനം ശ്രദ്ധേയമായി. ഭാരതത്തിലെ സ്ത്രീസംരക്ഷണ നിയമങ്ങളുടെ ചരിത്രത്തെ സത്യസന്ധമായി സമീപിക്കാന്‍ ഈ ലേഖനത്തിനു കഴിഞ്ഞു. ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ നിലവില്‍ വന്ന സതി നിരോധനം, അടിമത്ത നിരോധനം, പെണ്‍ശിശുഹത്യാ നിരോധനം, വിധവാ വിവാഹ നിയമം എന്നിവയെക്കുറിച്ചും; മിഷനറിമാര്‍ ഭാരതത്തെ ക്രൈസ്തവവത്കരിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഇവയൊക്കെയെന്ന് ആരോപിച്ച് മതവികാരം പടര്‍ത്തി എതിര്‍പ്പുകള്‍ ഉയര്‍ത്തിയ അന്നത്തെ സമൂഹത്തെക്കുറിച്ചും പ്രസ്തുത ലേഖനം പ്രതിപാദിക്കുന്നു. 1978-85 കാലഘട്ടത്തില്‍ ഉണ്ടായ ഷാബാനു കേസില്‍ ജമാ അത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള സംഘടനകള്‍ എങ്ങനെ പ്രവര്‍ത്തിച്ചുവെന്നും കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി സുപ്രീം കോടതി വിധിയെ എങ്ങനെ അട്ടിമറിച്ചുവെന്നും ആനന്ദ് ഈ ലേഖനത്തില്‍ വ്യക്തമാക്കുന്നു. ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശത്തിന്റെ പേരില്‍ മേരി റോയിയെ പുകഴ്ത്തുന്ന ജമാ അത്തിന്റെ മാധ്യമം ഷാബാനു കേസിന്റെ വെളിച്ചത്തില്‍ ഒരു ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും.

കത്തോലിക്കാ വിരുദ്ധരായ ആര്‍ക്കും എന്തുവേണമെങ്കിലും എഴുതാന്‍ താളുകള്‍ ഒരുക്കി കാത്തിരിക്കുന്ന പ്രസിദ്ധീകരണമാണ് സമകാലീന മലയാളം വാരിക. സ്ഥിരബുദ്ധിയുള്ളവര്‍ക്ക് ചിരിക്കാന്‍ വകനല്‍കുന്ന കുറേ ആരോപണങ്ങള്‍ സഭയ്ക്കെതിരേ നിരത്തി ലോനപ്പന്‍ നമ്പാടന്‍ നവംബര്‍ പന്ത്രണ്ടാം ലക്കം മലയാളത്തെ ധന്യമാക്കിയിരിക്കുന്നു. വിവരക്കേടുകള്‍ കൊണ്ട് സമൃദ്ധമാണ് ലോനപ്പന്റെ മാനിഫെസ്റ്റോ.

ലോകം കണ്ട ഏറ്റവും വലിയ മാര്‍ക്സിസ്റ്റ് ക്രിസ്തുവാണ് എന്നു ദൈവദൂഷണം പറയുന്ന നമ്പാടന്‍ കമ്മ്യൂണിസ്റ്റുകാരില്‍ 95% മതവിശ്വാസികള്‍ ആണെന്നും സമ്പത്തും ഭരണസ്വാധീനവും ഉപയോഗിച്ച് സാധാരണക്കാരെ സഭ ദ്രോഹിക്കുകയാണെന്നും പറഞ്ഞുവയ്ക്കുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിശ്വാസത്തിനോ മതത്തിനോ എതിരായ നിലപാട് സ്വീകരിച്ചിട്ടില്ലായെന്നും താന്‍ വിശ്വാസിയായ മാര്‍ക്സിസ്റ്റ് ആണ് എന്നും അവകാശപ്പെടുന്ന നമ്പാടന് വിശ്വാസത്തെപ്പറ്റിയും മാര്‍ക്സിസത്തെപ്പറ്റിയും അറിയില്ലായെന്ന് വ്യക്തം. കാലുമാറ്റക്കാരന്‍ അല്ല ആദര്‍ശവാദിയാണ് താന്‍ എന്ന് നമ്പാടന്‍ സ്വയം ആശ്വസിക്കുന്നുമുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളരുകയും കത്തോലിക്കാ സഭ ക്ഷയിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണെന്നും 2000 കൊല്ലം പഴക്കമുള്ള ക്രിസ്തുമതത്തെക്കാള്‍ കൂടുതല്‍ അനുയായികള്‍ 75 വര്‍ഷം മാത്രം പഴക്കമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഉണ്ടെന്നും നമ്പാടന്‍ പറയുമ്പോള്‍ പറയുന്ന നമ്പാടനാണോ വായിക്കുന്ന നമുക്കാണോ എന്തോ ഒരു കുഴപ്പം എന്ന് സംശയം വരുന്നത് സ്വാഭാവികം. ക്രിസ്ത്യന്‍ ബ്രദേഷ്സ്, ബിഷപ്പ്, കാര്‍ഡിനല്‍ തുടങ്ങിയ വിദേശ മദ്യങ്ങള്‍ നിര്‍മിക്കുന്നത് ചില ക്രൈസ്തവ സഭാ വിഭാഗങ്ങളാണെന്നും ഇവയുടെ പേരുമാറ്റാന്‍ സഭാനേതൃത്വം തയ്യാറാകണം എന്നും കൂടി ലോനപ്പന്‍ തന്റെ മാനിഫെസ്റ്റോയില്‍ ആവശ്യപ്പെടുമ്പോള്‍ നാം ഞെട്ടി പോകും. നവംബര്‍ 13ന് എഴുപത്താറാം ജന്മദിനം ആഘോഷിച്ച ലോനപ്പന്‍ നമ്പാടന്‍ താന്‍ അനാരോഗ്യം മൂലമാണ് ഇപ്പോള്‍ രാഷ്ട്രീയത്തില്‍ സജീവമല്ലാത്തത് എന്നു പറയുന്നുണ്ട്. എന്തായാലും അവിഭക്ത തൃശൂര്‍ രൂപതയിലെ പാസ്റ്ററല്‍ കൌണ്‍സില്‍ അംഗവും, എ.കെ.സി.സി തൃശൂര്‍ രൂപതാ പ്രസിഡന്റുമൊക്കെയായിരുന്ന ലോനപ്പന്‍ നമ്പാടന്‍ പാസ്റ്ററല്‍ കൌണ്‍സിലിലല്ല പോളിറ്റ് ബ്യൂറോയിലായിരുന്നു എത്തേണ്ടിയിരുന്നതെന്ന് ആരും സമ്മതിക്കും ഈ മാനിഫെസ്റ്റോ വായിച്ചു കഴിയുമ്പോള്‍.

ആവിഷ്കാര സ്വാതന്ത്യം എന്തും പറയാനുള്ള ലൈസന്‍സ് ആകുന്നത് പ്രബുദ്ധമായ ഒരു സമൂഹത്തിനു ചേര്‍ന്നതല്ല എന്ന് മനസ്സിലാക്കിയിരിക്കുന്നതു നന്ന്.

Monday, November 1, 2010

മാധ്യമങ്ങളുടെ വിവാദ വ്യവസായം

മാധ്യമ രംഗം തികച്ചും ഒരു വ്യവസായം മാത്രമാണെന്നും, മത്സരക്ഷമത ഇല്ലാത്തവര്‍ക്ക് ഈ മേഖലയില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കുകയില്ല എന്നും ഇന്ന് ഏവര്‍ക്കും അറിവുള്ള കാ‍ര്യമാണല്ലോ. അതുകൊണ്ടു തന്നെ സമൂഹത്തിന് പ്രയോജനകരമായ കാര്യങ്ങള്‍ അല്ല അവര്‍ക്ക് ആവശ്യമുള്ള കാര്യങ്ങളാണ് നല്‍കേണ്ടത് എന്നതാണ് പത്ര ചാനല്‍ ഉടമകളുടെ പോളിസി. വാര്‍ത്തകളെ വിനോദമാക്കാനും വിനോദത്തെ വാര്‍ത്തയാക്കാനും മാധ്യമങ്ങള്‍ ശ്രമിക്കുന്നത് അതിനാലാണ്. രാഷ്ട്രീയം മുതല്‍ കൊലപാതകവും ആത്മഹത്യയും വരെ വിനോദം നല്‍കുന്ന രീതിയില്‍ ചിത്രീകരിക്കപ്പെടുമ്പോള്‍. സിനിമയും ക്രിക്കറ്റും, താരങ്ങളുടെ വീട്ടു വിശേഷങ്ങളും വാര്‍ത്തയാകുകയും ചെയ്യുന്നു. ആസ്വാദ്യകരമായ വാര്‍ത്തകള്‍ ഇല്ലാത്തപ്പോള്‍ ആസ്വാദകര്‍ക്ക് ആസ്വാദനം നല്‍കുന്നതിനായി പലപ്പോളും വിവാദങ്ങള്‍ സൃഷ്ടിക്കുവാന്‍ മിക്ക മാധ്യമങ്ങളും ശ്രമിക്കുന്നു. ശവമുള്ളിടത്ത് വന്നു കൂടുന്ന കഴുകന്മാര്‍ മാധ്യമങ്ങളെയും മാധ്യമങ്ങള്‍ തിരിച്ചും ഉപയോഗിക്കുമ്പോള്‍ ഇരുകൂട്ടര്‍ക്കും നേട്ടമുണ്ടാകുമെങ്കിലും പൊതു സമൂഹത്തിനു മുന്നില്‍ സത്യം തമസ്കരിക്കപ്പെടുന്നു.

അതിനൊരു ഉദാഹരണമാണ് ശ്രേയ എന്ന കുട്ടിയുടെ മരണത്തെ അസ്വാഭാവികം ആക്കുന്നതിനായി ചില കേന്ദ്രങ്ങള്‍ നടത്തുന്ന കൊണ്ടു പിടിച്ച ശ്രമങ്ങള്‍. മരിച്ചതൊരു പെണ്‍കുട്ടി ആയതിനാലും സംഭവം നടന്നത് സണ്‍‌ഡേ സ്കൂള്‍ ക്യാമ്പിനിടയില്‍ ക്രൈസ്തവ ധ്യാന കേന്ദ്രത്തിലായതിനാലും കിംവദന്തികള്‍ സൃഷ്ടിച്ചും പരത്തിയും ആഘോഷിക്കുകയാണ് മാധ്യമങ്ങള്‍. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികമായി യാതൊന്നും കണ്ടെത്താനായിട്ടില്ലെങ്കിലും മാധ്യമങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പലരീതിയില്‍ പുറത്തു വരുന്നുണ്ട്. മറ്റൊരു അഭയ കേസ് ആയി ഇതിനെ മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ട് എന്നു നിസംശയം പറയാന്‍ സാധിക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. ജോയിന്റ് ക്രിസ്ത്യന്‍ കൌണ്‍സില്‍ എന്ന കടലാസ് സംഘടനയുടെ പ്രസ്താവന മിക്ക പത്രങ്ങളും പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചതു തന്നെ അതിനുള്ള തെളിവ്. ശ്രേയയുടെ മരണത്തിന് ഉത്തരവാദികളായ വൈദികരെ അറസ്റ്റ് ചെയ്യണം - ജോയിന്റ് ക്രിസ്ത്യന്‍ കൌണ്‍സില്‍ എന്ന തലക്കെട്ടിനടിയില്‍ പ്രസ്താവനയെക്കാള്‍ കൂടുതല്‍ ഭാരവാഹികളുടെ പേരുകള്‍ കുത്തി നിറച്ചിരിക്കുകയായിരുന്നു. ദോഷം പറയരുതല്ലോ പ്രസ്തുത സംഘടനയ്ക്ക് സംസ്ഥാനത്തുള്ള എല്ലാ അംഗങ്ങളുടെയും പേരു വിവരമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്തായാലും അന്വേഷണം ഏറ്റെടുത്തിരിക്കുന്ന ക്രൈം ബ്രാഞ്ച് അധികം ബുദ്ധിമുട്ടണം എന്നു തോന്നുന്നില്ല. സി.ഐ.ഡി പുല്ലൂടനും കൂട്ടരും പ്രതികളെ കണ്ടെത്തി കഴിഞ്ഞല്ലോ. അവരുടെ പക്കല്‍ നിന്ന് തെളിവുകള്‍ ശേഖരിക്കുക കുറ്റപത്രം തയ്യാറാക്കുക എന്നിങ്ങനെ ചില ക്ലറിക്കല്‍ വര്‍ക്കുകള്‍ മാത്രം ക്രൈം ബ്രാഞ്ച് ചെയ്താല്‍ മതിയാവും.

കാരണവര്‍ വധക്കേസിന്റെ ഒന്നാം വാര്‍ഷികം മാധ്യമങ്ങള്‍ ആഘോഷിച്ചത് വാര്‍ത്തകളെ ആസ്വാദ്യകരമാക്കി വിളമ്പാനുള്ള പ്രവണതയെ തുറന്നു കാണിക്കുന്നു. ഒരു വര്‍ഷം തികയുമ്പോള്‍ കാരണവര്‍ വധത്തിന്റെ നാള്‍ വഴികള്‍ വായനക്കാരിലെത്തിക്കാന്‍ പത്രങ്ങളും പ്രേക്ഷകരിലെത്തിക്കാന്‍ ചാനലുകളും മറന്നില്ല. ഒരു ക്രൈം ത്രില്ലര്‍ സിനിമ പോലെയോ, നോവല്‍ പോലെയോ ഉള്ള റിപ്പോര്‍ട്ടിംഗ് ആയിരുന്നു മിക്കവരും കാഴ്ചവെച്ചത്. ഈ പത്ര പ്രവര്‍ത്തന ശൈലിയെ നാം എന്തു പേരിട്ടാണാവോ വിളിക്കേണ്ടത് ? ക്രൈം ജേര്‍ണലിസം എന്നോ ക്രിമിനല്‍ ജേര്‍ണലിസം എന്നോ ?

വ്യവസായോല്പന്നത്തിനു വിപണി മൂല്യം കണ്ടെത്താനുള്ള ശ്രമങ്ങളായി ഇത്തരം പ്രവണതകളെ പലതിനെയും വ്യാഖ്യാനിക്കാമെങ്കിലും ചിലര്‍ ചില വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതിന് വ്യക്തമായ സാമൂഹിക സാംസ്കാരിക ലക്ഷ്യങ്ങളുണ്ട്. അതാണ് ഏറ്റവും അപകടകരവും. അതിനുദാഹരണമാണ് മേരി റോയിയുടെ സ്വത്ത് തര്‍ക്ക കേസ് മാധ്യമം ദിനപത്രവും ആഴ്ചപതിപ്പും കൈകാര്യം ചെയ്ത രീതി. ക്രൈസ്തവ പിന്തുടര്‍ച്ചാ നിയമത്തില്‍ മാറ്റം വരുത്തിയ വിധിക്കു കാരണമായി എന്ന നിലയില്‍ മുന്‍പ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ് പ്രസ്തുത കേസ്. കോട്ടയത്ത് ഉള്ള സ്ഥലം സഹോദരനില്‍നിന്ന് വാങ്ങി മേരി റോയിക്ക് നല്‍കാനുള്ള നിര്‍ദേശം കോടതിയില്‍ നിന്നു വന്നതോടെയാണ് അവര്‍ വീണ്ടും നവോത്ഥാന നായിക ആയത്. മാധ്യമം ആഴ്ചപതിപ്പ് ഈ വിഷയത്തില്‍ ഒരു ലേഖനവും മേരിയുമായുള്ള അഭിമുഖവും പ്രസിദ്ധീകരിച്ചു. പിന്തുടര്‍ച്ചാവകാശ നിയമം വന്നെങ്കിലും കേരളത്തിലെ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ആരും പിതൃ സ്വത്തിന്മേല്‍ അവകാശം ഉന്നയിച്ച് കലഹം സൃഷ്ടിച്ചില്ലല്ലോ എന്നോര്‍ത്ത് മാധ്യമം സങ്കടപ്പെടുന്നു. സ്വത്ത് എങ്ങനെ ഭാഗം വെക്കണമെന്ന് അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കാതിരുന്നതിനു സഭയേയും പഴിക്കുന്നു. ജോലിക്കാരായ പെണ്‍കുട്ടികളെ വിവാഹം കഴിച്ച് അയക്കാതെ അവരുടെ സമ്പാദ്യം ഉപയോഗിച്ച് പല ക്രൈസ്തവ കുടുംബങ്ങളും സമ്പന്നരായെന്നും കെട്ടിച്ചയക്കാന്‍ കാശില്ലാത്തതിനാലാണ് പല വീടുകളിലും പെണ്‍കുട്ടികള്‍ക്ക് ദൈവവിളി ഉണ്ടായതെന്നും ഒക്കെയുള്ള കണ്ടുപിടുത്തങ്ങളും മാധ്യമം നടത്തുന്നുണ്ട്. വിദേശത്ത് ജോലി ചെയ്യുന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ സത്യങ്ങള്‍ തിരിച്ചറിഞ്ഞ് ഇപ്പോള്‍ ഭര്‍ത്താക്കന്മാരെ സ്വയം തെരഞ്ഞെടുക്കാന്‍ തുടങ്ങിയിട്ടുണ്ട് എന്നതില്‍ മാധ്യമം ആശ്വസിക്കുന്നു.

പെണ്‍പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കുകയും, പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയും എല്ലാ മേഖലകളിലും സ്ത്രീകള്‍ക്ക് പുരുഷന്മാരോടൊപ്പം പ്രാധാന്യം നല്‍കുകയും ചെയ്ത ഒരു സമുദായത്തെ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമം ജമാ അത്തെ ഇസ്ലാമിയുടെ മാധ്യമം നാളുകളായി തുടര്‍ന്നു വരുന്നതാണ്. സ്വന്തം സമുദായത്തില്‍ സ്ത്രീകളെ എങ്ങനെയാണു പരിഗണിക്കുന്നത് എന്ന് ആത്മശോധന നടത്താനുള്ള ആര്‍ജവം കാണിച്ചിട്ടു പോരേ മറ്റു സമുദായങ്ങളെ പുനരുദ്ധരിക്കാന്‍ ഇറങ്ങുന്നത് ? പുരുഷന്മാരും സ്ത്രീകളും ഒരുമിച്ച് ഒരു മോസ്കില്‍ നിസ്കരിക്കുന്ന കാലം സ്ഥാപിതമാക്കിയിട്ടു പോരേ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ക്കു വേണ്ടി വാദിക്കാന്‍ ഇറങ്ങുന്നത് ?

ചരിത്രത്തെ തിരുത്തി എഴുതാന്‍ ഉള്ള ഇത്തരം ശ്രമങ്ങള്‍ വരുത്തി വെക്കുന്ന അപകടങ്ങളെ പറ്റി നാം ഇനിയും ബോധവാന്മാരായിട്ടില്ല എന്നത് ദു:ഖകരം തന്നെയാണ്. ആയിരക്കണക്കിന് പ്രസിദ്ധീകരണങ്ങളും പ്രസ്ഥാനങ്ങളുമുള്ള നമുക്ക് എന്നാണ് ഒരു സാംസ്കാരിക വാരിക ഉണ്ടാവുക?

ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെയും സി.പി.ഐ. എം ന്റെയും അടിത്തറ ഇളക്കിക്കൊണ്ട് ജനങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയികളായി. ഏതെങ്കിലും പ്രത്യേക സമുദായത്തിന്റേതല്ല ജനങ്ങളുടെയും ജനാധിപത്യത്തിന്റെയും വിജയമാണ് കണ്ടതെന്ന് നിഷ്പക്ഷമതികളായ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയപ്പോള്‍, മതം രാഷ്ട്രീയത്തില്‍ ഇടപെട്ടതിന്റെ ദുരന്തമാണെന്ന് ഇടതു ബുദ്ധി ജീവികളും നിരീക്ഷിച്ചു. തോറ്റെങ്കിലും വോട്ടു കുറഞ്ഞിട്ടില്ല എന്നു കണക്കിലെ കളി കളിച്ച് പാര്‍ട്ടി സെക്രട്ടറി അപഹാസ്യനായി. ഇതിനിടയില്‍ കെ.സി.ബി.സി വക്താവ് സ്റ്റീഫന്‍ ആലത്തറയുടെ വാക്കുകള്‍ വളച്ചൊടിച്ച് ഒരു വിവാദവ്യവസായത്തിനു വിത്തു പാകാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിച്ചെങ്കിലും അത്ര വിജയിക്കാതെ പോയി. വിവാദങ്ങളും കിംവദന്തികളും ഉപയോഗിച്ച് സഭാ സമൂഹത്തിന്റെ കെട്ടുറപ്പിനെ തകര്‍ത്ത് അതിനെ കീഴ്പ്പെടുത്താനുള്ള ശ്രമങ്ങള്‍ മുന്‍പ് എന്നത്തേതിനെയുംകാള്‍ വര്‍ദ്ധിച്ചു വരികയാണ്. പ്രാവുകളെപ്പോലെ നിഷ്കളങ്കരായിരിക്കുമ്പോളും സര്‍പ്പത്തെപ്പോലെ വിവേകമതികളുമാവുക. തിരിച്ചറിയുക, ജാഗ്രത പാലിക്കുക, പ്രതികരിക്കുക.

Friday, October 1, 2010

മുഹമ്മദ് കമ്മിറ്റിയുടെ മതിലു ചാട്ടം

തമ്പ്രാന്‍ വേലി ചാടാന്‍ പറയുമ്പോള്‍ മതിലുതന്നെ ചാടിക്കടന്ന് പ്രീതി സമ്പാദിക്കാന്‍ ശ്രമിക്കുന്ന അടിയാന്റെ കഥ പറഞ്ഞും കേട്ടും പഴകിയതാണല്ലോ. എങ്കിലും അടുത്തിടെ ഈ കഥ വീണ്ടും ഓര്‍മയിലെത്തി. പക്ഷേ ഈ പുതിയ കഥയില്‍ തമ്പ്രാന്റെ സ്ഥാനത്ത് എം.എ. ബേബിയും, അടിയാന്റെ സ്ഥാനത്ത് ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റിയും ആണെന്നു മാത്രം. തമ്പ്രാന്റെ പരിവാരങ്ങളുടെ സ്ഥാനത്ത് കുട്ടി സഖാക്കളുമുണ്ട് കെട്ടോ. സര്‍ക്കാരുമായി കരാറൊപ്പിട്ട സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ വിദ്യാര്‍ത്ഥിപ്രവേശനം സുപ്രീം കോടതി റദ്ദാക്കിയതോടെയാണ് ഈ പുതിയ തെരുവുനാടകത്തിന്റെ കേളികൊട്ട് ഉയര്‍ന്നത്. നല്ലൊരു കച്ചവടം നഷ്ടപ്പെട്ടവന്റെ എല്ലാ വ്യഥകളും, ക്രോധവും ശരീര ഭാഷയില്‍ പ്രകടിപ്പിച്ചു കൊണ്ട് എം.ഇ.എസിന്റെ സ്വന്തം ഫസല്‍ ഗഫൂര്‍ സഭയ്ക്കെതിരേ ചാനലുകള്‍ കയറിയിറങ്ങി പുലയാട്ട് നടത്തി. നാടകത്തിന്റെ ആവേശകരമായ തുടക്കം. പാര്‍ട്ടി വക്താക്കളും മെഡിക്കല്‍ വിദ്യാഭ്യാസ കച്ചവടത്തിന്റെ ഏജന്റുമാരും തകര്‍പ്പന്‍ ഡയലോഗുകളുമായി എത്തിയതോടെ രംഗം കൊഴുത്തു. ‘സാമൂഹ്യ നീതിക്കു വേണ്ടി പടവെട്ടുന്ന‘ ഇവരുടെയൊക്കെ ശത്രു സഭയും പിന്നെ കോടതിയും. ബേബി തമ്പ്രാന്റെ സ്വന്തം മേല്‍നോട്ടക്കാരായ മുഹമ്മദ് കമ്മിറ്റിയെ കോടതി കുറ്റപ്പെടുത്തിയതോടെ തമ്പ്രാനും നാണക്കേടായി. ‘ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റി കുറച്ചു കൂടി ഉത്തരവാദിത്തം കാണിക്കണം’ എന്ന തമ്പ്രാന്റെ അരുളപ്പാട് ക്ലൈമാക്സിലേക്ക് ഒരു കൈ ചൂണ്ടിയായി. ഉടന്‍‌തന്നെ ‘കോറസ് ‘ ആയി കുട്ടി സഖാക്കളും രംഗത്തെത്തി. ‘കത്തോലിക്കാ മാനേജ്മെന്റിനു കീഴിലുള്ള സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനവും മുഹമ്മദ് കമ്മിറ്റി പരിശോധിക്കണം’. ‘പരാതിയില്ലെങ്കില്‍ എസ്.എഫ്.ഐ പരാതി നല്‍കും’ കുട്ടി നേതാക്കള്‍ തെരുവില്‍ ആടിപ്പാടി. അടിയാനു വേലി ചാടാനുള്ള സിഗ്നല്‍. കാറും സിറ്റിംഗ് ഫീസും ഒക്കെയായി വാരിക്കോരി തരുന്ന തമ്പ്രാനല്ലേ.., വേലി ചാടാന്‍ പറഞ്ഞാല്‍ മതിലുതന്നെ ചാടണം. കത്തോലിക്ക മാനേജ്മെന്റുകളുടെ നടപടികളില്‍ വ്യക്തതയില്ലെന്ന് പത്രക്കാര്‍ക്കും ചാനലുകാര്‍ക്കും ‘വാറോല’ എത്തിച്ച് കമ്മിറ്റി തമ്പ്രാനോടുള്ള കടപ്പാട് കാണിച്ചു. നടക്കട്ടെ കത്തോലിക്കാ മാനേജ്മെന്റുകളും കേസും കൂട്ടവുമായി. കേസ് നടത്തി നടത്തി ഉള്ള കാശൊക്കെ തീര്‍ന്ന് കത്തോലിക്കര്‍ കുത്തുപാള എടുക്കട്ടെ. കേസു നമ്മള്‍ തോക്കും എന്ന് ഉറപ്പാണ് എന്നാലും നമുക്ക് പേടിക്കാനൊന്നുമില്ലല്ലോ, സാധാരണക്കാരന്റെ നികുതിപ്പണം ഖജനാവില്‍ ഇഷ്ടം പോലെയുണ്ട്, ഇനി അതു തീര്‍ന്നാല്‍ ലോക ബാങ്കില്‍ നിന്ന് വായ്പയെടുത്തും കേസു നടത്താം. എന്തായാലും അടിയനു സമാധാനമായി, ഉണ്ട ചോറിനു നന്ദി കാണിക്കുന്ന കൂട്ടത്തിലാണെന്നു തമ്പ്രാനു ബോധ്യമായല്ലോ. ഈ തെരുവു നാടകം തീര്‍ന്നപ്പോള്‍ കാഴ്ചക്കാര്‍ക്കൊക്കെ ഒരു സംശയം ബാക്കി. വേലി ചാടുന്ന പശു കോലു കൊണ്ടു ചാകും എന്നൊരു പഴമൊഴിയുണ്ട്. അപ്പോള്‍ മതിലു ചാടുന്നവര്‍ക്ക് എന്താണാവോ..?

ഒടുവില്‍ ചേകന്നൂര്‍ മൌലവിയെ വധിച്ച കേസിന്റെ വിധി വന്നു. ചാനലുകള്‍ക്കും പത്രക്കാര്‍ക്കുമൊക്കെ ഈ സംഭവം വെറും ഒരു ‘സൈഡ് സ്റ്റോറി’ മാത്രമായിരുന്നു. മൌലവിയെ കൊന്ന മൌലികവാദികളെക്കുറിച്ച് ചര്‍ച്ച ചെയ്യാനോ, വിദേശ രാജ്യങ്ങളില്‍ ഒളിവില്‍ കഴിയാന്‍ പ്രതികളെ സഹായിച്ച ‘അജ്ഞാത ശക്തികളെ’ കണ്ടെത്താനോ, കോടതി വെറുതേ വിട്ട ‘പ്രതികളെ’ ശിക്ഷിക്കണമെന്ന് ആവശ്യപ്പെടാനോ, വെറുതേ വിട്ട ന്യായാധിപന്റെ നീതിബോധത്തെ പരിശോധിക്കാനോ ഒന്നും ഒരു വാര്‍ത്താ അവതാരകനും ‘ന്യൂസ് അവറുകളില്‍’ ടൈയും മുറുക്കി ഇരുന്നു കണ്ടില്ല. വെറുതേ വിട്ട പ്രതികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജഡ്ജിയുടെ കോലം കത്തിക്കാനും പ്രകടനം നടത്താനും വിപ്ലവ സംഘടനക്കാരും എത്തിയില്ല. എന്നാല്‍ ആലുവയിലെ ഒരു കന്യാസ്ത്രീ മഠത്തിലെ ‘അടുക്കള വഴക്ക് ‘ അന്താരാഷ്ട്ര പ്രശ്നമാക്കി ചിത്രീകരിക്കാന്‍ ചില ചാനലുകള്‍ കൊണ്ടുപിടിച്ച ശ്രമം നടത്തുകയും ചെയ്തു. ഒക്കെ കാണുമ്പോള്‍ ആകെയൊരു കണ്‍ഫ്യൂഷന്‍… ഇവര്‍ക്കൊക്കെ ‘നീതിക്കു വേണ്ടിയുള്ള വിശപ്പും ദാഹവും’ കത്തോലിക്കാ സഭയുടെയും സ്ഥാപനങ്ങളുടെയും തിണ്ണയില്‍ എത്തുമ്പോള്‍ മാത്രമേ ഉള്ളോ..?

മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുകള്‍ മാത്രം ഉള്‍പ്പെടുത്തി ഡെന്മാര്‍ക്കില്‍ പുസ്തകം പുറത്തിറങ്ങിയിരിക്കുന്നതായി വാര്‍ത്ത. ഡാവിഞ്ചി കോഡ് എന്ന നോവല്‍ ഇറങ്ങിയപ്പോള്‍ ‘കാമുകനായ ക്രിസ്തു’ എന്ന ടൈറ്റിലില്‍ കവര്‍ സ്റ്റോറി ചെയ്ത മാധ്യമം ആഴ്ചപതിപ്പും, കോഡിനെ മലയാളത്തിലാക്കി കേരളീയരെ പ്രബുദ്ധരാക്കിയ ഡി.സി ബുക്‍സും ഈ പുസ്തകത്തിന്റെ കാര്യത്തിലും ഇതൊക്കെ ചെയ്യുമോ?

‘സഭയോടൊത്ത് ചിന്തിക്കുവാനും അവളുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനുമുള്ള സന്മനസ് ‘ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വെളിപ്പെടുത്തിയതാണ് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്താ പ്രാധാന്യം നേടിയ ഒരു സംഭവം. ‘ജനങ്ങളെ സേവിക്കാന്‍ സഭയോടൊത്ത് പ്രവര്‍ത്തിക്കും – പിണറായി’ എന്നതായിരുന്നു പത്ര,ടെലിവിഷന്‍ വാര്‍ത്തകളുടെ തലക്കെട്ട്. ‘അഭിവന്ദ്യര്‍ക്ക് നല്ല നമസ്കാരം’ പറഞ്ഞ് അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ വിജയനിറങ്ങുന്നത് എന്തിനാണെന്ന് അച്യുതാനന്ദനു വരെ അറിയാം. പഞ്ചായത്ത് തെരഞ്ഞെടുപ്പാണു വരുന്നത്, സ്വതന്ത്രരെയും, ഡമ്മികളെയും ഒക്കെ ഇറക്കുന്ന കൂട്ടത്തില്‍ ഇതുപോലെ ചില പ്രസ്താവനകളും ഇറക്കിക്കൊണ്ടിരുന്നാല്‍ എന്തെങ്കിലുമൊക്കെ ഗുണം ഉണ്ടാകുമെന്ന് പിണറായിക്കറിയാം. അണ്ണാനെ മരം കയറ്റം പഠിപ്പിക്കേണ്ട, വിജയനെ അടവു നയവും.

Tuesday, September 14, 2010

കുറ്റമില്ലാത്ത തെറ്റും നീതിബോധവും

പ്രവാചക നിന്ദ എന്ന കുറ്റം ആരോപിക്കപ്പെട്ട അദ്ധ്യാപകന്‍ പ്രഫ. ടി.ജെ ജോസഫിനെ തൊടുപുഴ ന്യൂമാന്‍ കോളേജ് മാനേജ്മെന്റ് പുറത്താക്കിയ സംഭവമാണ് കഴിഞ്ഞ നാളുകളില്‍ കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. ‘കൈ വെട്ടിയതിനെക്കാള്‍ വലിയ തെറ്റ് ‘ , ‘തീവ്രവാദികള്‍ കൈ വെട്ടി, മാനേജ്മെന്റ് കഴുത്തു വെട്ടി’ എന്നിങ്ങനെയാണ് ഈ സംഭവത്തില്‍ പ്രഖ്യാപിത ‘ബുദ്ധിജീവികളും‘ ‘സാംസ്കാരിക നായകരും’ പ്രതികരിച്ചത്. ഈ വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി എം.എ ബേബിയുടെ ഇരട്ടത്താപ്പ് ചൂണ്ടിക്കാണിക്കുന്നതായിരുന്നു മനോരമന്യൂസ് സം‌പ്രേക്ഷണം ചെയ്ത പറയാതെ വയ്യ എന്ന പരിപാടി. കൈവെട്ട് സംഭവം നടന്ന ഉടന്‍ ബേബി നടത്തിയ ‘വിഡ്ഢിയായ അദ്ധ്യാപകന്റെ വിവരക്കേട്’ എന്ന പ്രസ്താവനയും പിരിച്ചു വിടല്‍ നടപടിക്കു ശേഷമുണ്ടായ ‘മാനേജ്മെന്റിന്റെ നടപടി ക്രൂരം’ എന്ന പ്രസ്താവനയും വിലയിരുത്തി ‘ബേബിയുടെ പിഴ’ ചൂണ്ടിക്കാണിക്കുന്നതായിരുന്നു പ്രസ്തുത പരിപാടി. ചോദ്യപേപ്പറില്‍ ഉപയോഗിച്ച മുഹമ്മദ് എന്ന പേരിന്റെ പേരില്‍ അദ്ധ്യാപകനെ കുറ്റവാളിയാക്കിയ ബുദ്ധി ജീവികളും, അദ്ദേഹത്തിനെതിരെ ‘ക്രിമിനല്‍ കേസ് ‘ എടുത്ത സര്‍ക്കാരും ‘രാജ്യദ്രോഹികളെ’ എന്ന പോലെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ വേട്ടയാടിയ പോലീസും ആരുടെയും ‘നീതി ബോധത്തെ നോക്കി പരിഹസിച്ചില്ല’. കത്തോലിക്കാ സഭയുടെ മാനേജ്മെന്റ് ‘ക്രിമിനല്‍ കേസില്‍ പ്രതിയാക്കപ്പെട്ട’ അദ്ധ്യാപകനെതിരേ നടപടി സ്വീകരിച്ചപ്പോള്‍ മാത്രം ഇവരുടെ ഒക്കെ ‘നീതി ബോധം‘ ഉണരുന്നതെന്തേ? “ഇഷ്ടമില്ലാത്ത അച്ചി തൊടുന്നതൊക്കെ കുറ്റം..“ അത്രതന്നെ.
ഈ വിഷയം കവര്‍ സ്റ്റോറി ആക്കി കലാകൌമുദി സെപ്റ്റംബര്‍ പത്തൊന്‍പതാം ലക്കം. ശാശ്വതികാനന്ദയുടെ മരണത്തെക്കാള്‍ അഭയയുടെ മരണത്തില്‍ ആകുലത കൊള്ളുന്ന കൌമുദിയുടെ ഉദ്ദേശ്യം സുവ്യക്തം. സുദീര്‍ഘമായ ലേഖനത്തില്‍ ‘മാനേജ്മെന്റിന്റെ നടപടിയുടെ നീതിവിരുദ്ധത ‘ ആവര്‍ത്തിച്ച് എടുത്തു പറയുന്ന നൈനാന്‍ കോശി ആഭ്യന്തര മന്ത്രി കൊടിയേരി ബാലകൃഷ്ണനോട് പി.ജെ ജോസഫിനെതിരായ ക്രിമിനല്‍ കേസ് പിന്‍‌വലിക്കണമെന്നു പറയാനുള്ള ആര്‍ജവം കാണിച്ചിരുന്നെങ്കില്‍ എത്ര നന്നായേനേ. ‘അദ്ധ്യാപകന് തീര്‍ച്ചയായും തെറ്റ് പറ്റിയിട്ടുണ്ട്’ എന്നു പറയുമ്പോളും ‘കുറ്റം ചെയ്തിട്ടില്ല’ എന്ന് സമര്‍ത്ഥിക്കുന്നു എം.എന്‍ കാരശേരി. മുസ്ലീം സംഘടനകള്‍ മാനേജ്മെന്റ് നടപടിയെ സ്വാഗതം ചെയ്തത് ഈ ബുദ്ധിജീവിയുടെ ‘ശ്രദ്ധയില്‍പ്പെട്ടിട്ടില്ല’. വര്‍ഗസിദ്ധാന്തത്തിന്റെ മേച്ചില്‍പ്പുറങ്ങളില്‍ അഭിരമിക്കുമ്പോളും ‘സ്വത്വം’ മറക്കാത്ത ‘മൊഹിയുദ്ദീന്‍ നടുക്കണ്ടിയില്‍’ എന്ന കാരശേരിക്കാരന് ‘നല്ല നമസ്കാരം..’
ഇടതുപക്ഷ ഭരണത്തില്‍ കൊട്ടി ഘോഷിക്കപ്പെടുന്ന ഒന്നാണ് ‘ക്യൂബന്‍ മോഡല്‍’. ക്യൂബയില്‍ പത്തു ലക്ഷത്തോളം തൊഴിലാളികളെ പിരിച്ചു വിടുന്നു എന്ന വാര്‍ത്ത മലയാളത്തിലെ പ്രമുഖ പത്രങ്ങളൊക്കെ റിപ്പോര്‍ട്ട് ചെയ്തു. സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കാതെ പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ല എന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് ക്യൂബയുടെ ഈ നടപടി. തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ തികച്ചും ‘കേരള മോഡല്‍‘ ആശുപത്രിയെ ‘ക്യൂബന്‍ മോഡല്‍’ ആക്കിയ ശ്രീമതി ഇതൊക്കെ അറിയുന്നുണ്ടോ ആവോ? എന്തായാലും ക്യൂബയില്‍ ആകെയുള്ള ‘തൊഴിലാളി വര്‍ഗത്തിന്റെ സ്വന്തം യൂണിയന്‍’ പിരിച്ചുവിടല്‍ നടപടിയില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടില്ല. വേണമെങ്കില്‍ കേരളത്തില്‍ ഒന്നാവാം…
അന്യസംസ്ഥാന ലോട്ടറിയെ കെട്ടു കെട്ടിച്ചുവെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോളും മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ മലമ്പുഴയിലടക്കം കള്ള ടിക്കറ്റുകള്‍ വിറ്റഴിക്കുന്നതായി വാര്‍ത്ത വന്നതിന്റെ പിന്നാലെ സിക്കിം സര്‍ക്കാര്‍ വാതുപയ്പിന് നിയമാനുമതി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന വിവരവുമെത്തി. മൊബൈലിലൂടെയും ഇന്റര്‍നെറ്റിലൂടെയും ആര്‍ക്കും പങ്കെടുക്കാന്‍ സാധിക്കുന്ന ഈ ‘ബിസിനസിനായി’ സാന്റിയാഗോ മാര്‍ട്ടിനും രംഗത്തുണ്ട്. ‘പിന്നെയും ചങ്കരന്‍ തെങ്ങേലോട്ടു തന്നെ’ ഇത്തവണ ‘യന്ത്രം‘ ഉപയോഗിച്ചാണെന്നു മാത്രം.

ബ്രിട്ടന്‍ സന്ദര്‍ശനത്തിനിടെ മാര്‍പാപ്പ നടത്തിയ ‘തീവ്ര മതേതരവാദം നിരീശ്വരവാദത്തിലേക്ക് നയിക്കും’ എന്ന പ്രസ്താവന കേരളത്തിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ‘മതേതരത്വം‘ എന്നാല്‍ ‘മതനിഷേധം’ എന്ന് അല്ലാ അര്‍ത്ഥമാക്കുന്നത് എന്ന് നമ്മുടെ ചില മാധ്യമപ്രവര്‍ത്തകരെങ്കിലും ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു.

പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ടി. വി തോമസ് മരിച്ചത് ഒരു ക്രിസ്ത്യാനിയായിട്ടാണെന്നും, മരണാസന്നനായി കിടന്ന അദ്ദേഹത്തിന്റെ കിടക്കയില്‍ കൊന്ത ഉണ്ടായിരുന്നുവെന്നും ആര്‍. ബാലകൃഷ്ണപിള്ള. അതിനാല്‍ ടി.വി തോമസിനെ ചുടുകാട്ടില്‍ അടക്കിയത് ജീവിച്ചിരുന്നപ്പോള്‍ പാര്‍ട്ടി അദ്ദേഹത്തോട് ചെയ്തതിനെക്കാള്‍ വലിയ ക്രൂരതയായിരുന്നുവെന്നാണ് പിള്ള അഭിപ്രായപ്പെടുന്നത്. എന്തായാലും ഇതുവരെ ബാലകൃഷ്ണപിള്ളയെ ആരും ‘നികൃഷ്ടജീവി’ എന്നു വിളിച്ചിട്ടില്ല, ആശ്വാസം….

Wednesday, September 1, 2010

പിടി മുറുക്കുന്ന മാഫിയകള്‍

പെണ്ണ്‌ മാഫിയയും, മണ്ണ്‌ മാഫിയയും, മദ്യ മാഫിയയും മലയാളിക്ക്‌ സുപരിചിതം. അക്കൂട്ടത്തിലേക്ക്‌ അവസാനം കടന്നു വന്നവരാണ്‌ ലോട്ടറി മാഫിയ. സാന്റിയാഗോ മാര്‍ട്ടിനും ഭൂട്ടാന്‍ ഡാറ്റായും ‘മാനും കുയിലും’ പോലെ കേരളീയര്‍ക്കു പരിചിതരായി. സാധാരണക്കാരന്റെ ഭാഗ്യാന്വേഷണത്വരയെ ചൂഷണം ചെയ്ത്‌ കീശ വീര്‍പ്പിക്കുന്നവര്‍ സര്‍ക്കാര്‍ ഖജനാവില്‍ അടയ്ക്കേണ്ട നികുതി കൊടുക്കുന്നില്ലെങ്കിലും രാഷ്ട്രീയ തമ്പുരാക്കന്‍മാരുടെ മുമ്പില്‍ കാഴ്ചയിട്ട്‌ വണങ്ങുന്നുണ്ടെന്നത്‌ നാട്ടിലെങ്ങും പാട്ടായ കാര്യമാണല്ലോ. ദിവസക്കൂലിക്കാരായ തൊഴിലാളികളും സാധാരണക്കാരുമാണ്‌ ലോട്ടറി എന്ന ദുര്‍ഭൂതത്തിന്റെ കെണിയില്‍പെട്ട്‌ ജീവിതം നഷ്ടമായവരില്‍ ഏറെയും. അന്യസംസ്ഥാന ലോട്ടറിയുടെ ദൂഷ്യ വശങ്ങള്‍ മനസ്സിലാക്കി അവരുടെ പരസ്യത്തില്‍നിന്ന്‌ പ്രശസ്ത സിനിമാ നടന്‍ ജഗതി ശ്രീകുമാര്‍ പിന്‍മാറിയപ്പോഴും തൊഴിലാളി വര്‍ഗ്ഗത്തിന്റെ സ്വന്തം ചാനല്‍ നറുക്കെടുപ്പ്‌ തത്സമയം കാണിച്ച്‌ അടിസ്ഥാന വര്‍ഗ്ഗത്തെ ‘സേവിക്കുക’ ആയിരുന്നു. സമ്മതിച്ചിരിക്കുന്നു സഖാവേ! ഇതു തന്നെ ‘ഒരു ജനതയുടെ ആത്മാവിഷ്കാരം’.
പ്രധാന എതിരാളിയായ ഇന്ത്യയെ ‘ഒതുക്കാന്‍’ ചൈന നടത്തുന്ന ശ്രമങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. ഇന്ത്യയ്ക്ക്‌ ദോഷകരമായ ഒട്ടേറെ പദ്ധതികള്‍ പാക്കിസ്ഥാനുമായി ചേര്‍ന്ന്‌ ചൈന ആസൂത്രണം ചെയ്യുന്നതും ഇന്ത്യയ്ക്ക്‌ അതിലുള്ള എതിര്‍പ്പുമൊക്കെ പ്രമുഖ മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായി. സദ്ദാം ഹുസൈനെ തൂക്കലേറ്റിയപ്പോള്‍ കേരള ജനതയെ ബന്ദികളാക്കി ഹര്‍ത്താലാചരിച്ചവരും ഇസ്രായേലിന്റെയും അമേരിക്കയുടെയും അധിനിവേശത്തിനും സാമ്രാജ്യത്വത്തിനും എതിരേ നാഴികയ്ക്ക്‌ നാല്‍പതുവട്ടം കണ്ഠക്ഷോഭം നടത്തുന്നവരും മാതൃരാജ്യത്തെ ബാധിക്കുന്ന ഈ വിഷയത്തില്‍ പ്രതികരിച്ച്‌ കണ്ടില്ല. അല്ലെങ്കിലും “അവര്‌ അവരുടേതെന്നും നമ്മള്‌ നമ്മുടേതെന്നും പറയുന്ന, പുല്ലുപോലും കിളിര്‍ക്കാത്ത ഭൂപ്രദേശത്തിനു” വേണ്ടി വാദിക്കാനും അതിനെക്കുറിച്ചൊക്കെ ആലോചിക്കാനും നമുക്കെവിടെ നേരം…? സ്വാശ്രയ കോളേജുകളിലെ സാമൂഹ്യനീതിക്കു വേണ്ടി ‘പൊരുതാന്‍’ പോലും സമയം തികയുന്നില്ല അപ്പോളാ…
ഭാഗ്യക്കുറി വരുത്തിവച്ച ഭാഗ്യക്കേടില്‍നിന്ന്‌ തലയൂരിയില്ല, അതിനു മുമ്പേ ഇതാ മദ്യ ദുരന്തം. മാധ്യമങ്ങള്‍ അത്‌ എക്സൈസ്‌ വകുപ്പിന്റെ വീഴ്ചയായി ‘മുദ്രകുത്തി’. പിടിച്ചു നില്‍ക്കണ്ടേ മന്ത്രിയും പരിവാരങ്ങളും പുതിയ കണ്ടുപിടുത്തവുമായെത്തി. “സംഭവം അട്ടിമറി” പക്ഷേ ചാനലുകാര്‍ കടത്തിവെട്ടി. കള്ളിലെ കള്ളത്തരങ്ങളെക്കുറിച്ച്‌ സര്‍ക്കാരിന്‌ ഇന്റലിജന്‍സ്‌ നല്‍കിയ റിപ്പോര്‍ട്ട്‌ അവഗണിച്ചതാണ്‌ ദുരന്തത്തിനു കാരണമായതെന്ന്‌ അവര്‍ തെളിവു നിരത്തി. ചര്‍ച്ചകളും കുറ്റാരോപണങ്ങളും കൊടുമ്പിരികൊള്ളുമ്പോള്‍ ആശ്രയമറ്റുപോയ കുറേ ജന്‍മങ്ങളുടെ വേദന ആരെങ്കിലും അറിയുന്നുണ്ടോ ആവോ… ?
സഭ ഉപേക്ഷിച്ച വൈദികന്റെ ആത്മകഥയെക്കുറിച്ച്‌ മാതൃഭൂമി പത്രത്തില്‍ റിപ്പോര്‍ട്ട്‌. കുമ്പസാര രഹസ്യങ്ങളിലെ ‘എരിവും പുളിയും’ അറിയാന്‍ ഇതാ ഈ പുസ്തകം വായിക്കൂ എന്ന്‌ പരസ്യം ചെയ്യുന്നതു പോലെയുള്ള ഈ ‘ഇക്കിളി റിപ്പോര്‍ട്ട്‌’ വായിച്ചു തീരുമ്പോള്‍ ഒരു സംശയം ബാക്കി. ഇതാണോ മാതൃഭൂമി ‘പത്രത്തോടൊപ്പം കൈമാറുന്ന’ സംസ്കാരം… ?
‘മത തീവ്രവാദികളുടെ ഭീഷണിയെത്തുടര്‍ന്ന്‌’ യൂസഫലി കേച്ചേരി ‘തിരുത്തിയെഴുതിയ’ കാവ്യം ‘മിശിഹായനം’ അടുത്ത ലക്കം ആരംഭിക്കുമെന്ന്‌ കലാകൌമുദി അറിയിക്കുന്നു. കേച്ചേരിയുടെ കൈവെട്ടുമെന്ന്‌ ഭീഷണിപ്പെടുത്തിയ ആ ‘തീവ്രവാദികളെ’ക്കുറിച്ചും കൂടി എഴുതണേ പ്ലീസ്‌…
സഭയില്‍ ഏറെ ചര്‍ച്ച ചെയ്തപ്പെട്ടതും ഭാരത നസ്രാണികളുടെ പൈതൃകവുമായ മാര്‍തോമ്മാ കുരിശ്‌ വീണ്ടുമൊരു വിവാദമാക്കാന്‍ കേരളശബ്ദം വാരിക തങ്ങളെക്കൊണ്ട്‌ ആവുന്ന വിധത്തിലൊക്കെ ശ്രമിക്കുന്നുണ്ട്‌. അമേരിക്കയിലെ ചിക്കാഗോ ഇടവകയിലുണ്ടായ തര്‍ക്കം ബ്ലോഗിലൂടെയും ലേഖനങ്ങളിലൂടെയും മറുപടി കത്തുകളിലൂടെയും ഉഷാറാക്കാന്‍ ശ്രമിക്കുന്നവരുടെ സഭാ വിജ്ഞാനവും ചരിത്രബോധവും കാണുമ്പോള്‍ ‘അഞ്ജനമെന്നാലെനിക്കറിയാം മഞ്ഞളുപോലെ വെളുത്തിരിക്കും…’ എന്നു പറഞ്ഞ മഹാന്‍ എത്രയോ ഭേദം എന്നു തോന്നിപ്പോകും.
ഇടറി വീണ ഇടയരുടെ ആത്മകഥകളിലൂടെയും ‘കുരിശ്‌’ യുദ്ധങ്ങളിലൂടെയും സഭയില്‍ ഭിന്നത വിതയ്ക്കാനുള്ള ചില രാഷ്ട്രീയ-മാധ്യമ ശക്തികളുടെ ശ്രമത്തെ നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഉണര്‍ന്നിരിക്കുക, ജാഗ്രത പാലിക്കുക…

Friday, June 4, 2010

സാംസ്കാരിക രംഗത്തെ മായുന്ന ക്രൈസ്തവ സാന്നിധ്യം

കേരളത്തിലെ സാംസ്കാരികമേഖല ഒരു പ്രത്യേക പ്രത്യയശാസ്ത്രക്കാര്‍ മാത്രം കൈയ്യടക്കി വച്ചിരിക്കുകയാണെന്ന്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ മെത്രാപ്പോലീത്താ കാഞ്ഞിരപ്പള്ളി കപ്പാട്‌ നടന്ന അഖിലകേരള കത്തോലിക്കാ കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ പ്രസ്താവിക്കുകയുണ്ടായി. അത്യന്തം അപകടകരമായ ഒരു സ്ഥിതിവിശേഷത്തിലേക്കാണ്‌ അഭിവന്ദ്യ പിതാവ്‌ വിരല്‍ ചൂണ്ടിയത്‌. എന്നാല്‍ പ്രബുദ്ധകേരളം ഈ വിഷയത്തില്‍ എത്രമാത്രം അജ്ഞതയും അലംഭാവവും വച്ചുപുലര്‍ത്തുന്നുവെന്നത്‌ ലജ്ജാകരമാണ്‌. ഒരു വ്യക്തിയെ അവന്റെ കര്‍മത്തിലേയ്ക്ക്‌ ചിന്തകള്‍ നയിക്കുന്നതുപോലെ തന്നെ സാമൂഹ്യവ്യവസ്ഥിതിയില്‍ സമൂഹത്തിന്റെ പൊതുവായ ചിന്തകള്‍ പ്രവര്‍ത്തനങ്ങളെ സൃഷ്ടിക്കുന്നു. ഈ ചിന്തകളിലൂന്നിനിന്നുള്ള ചര്‍ച്ചകള്‍ ചിന്തകള്‍ക്കും പ്രവൃത്തികള്‍ക്കുമിടയില്‍ ഒരു പാകപ്പെടലിന്‌ വേദിയൊരുക്കുകയും ചെയ്യുന്നു. സമൂഹത്തിന്റെ ചിന്താധാരയെ രൂപപ്പെടുത്തുക എന്ന കര്‍ത്തവ്യമാണ്‌ പണ്ഡിതരും സാംസ്കാരിക നായകരുമായ ബുദ്ധിജീവികള്‍ക്കുള്ളത്‌. ഇവര്‍ പാകപ്പെടുത്തുന്ന ഇന്നത്തെ ചിന്തകളാണ്‌ നാളെയുടെ പ്രവര്‍ത്തനങ്ങളിലേയ്ക്ക്‌ വഴിതെളിക്കുന്നത്‌ അഥവാ നാളെയെ രൂപപ്പെടുത്തുന്നത്‌.
കേരള സമൂഹത്തിന്റെ ബൌദ്ധിക മണ്ഡലത്തില്‍ ക്രൈസ്തവികമായ ചിന്താധാരകളെ പ്രതിഷ്ഠിക്കുവാന്‍ നമ്മുടെ പൂര്‍വികര്‍ക്ക്‌ കഴിഞ്ഞിരുന്നു. ആ ചിന്തകളാണ്‌ മലയാളിയുടെ സമൃദ്ധമായ വര്‍ത്തമാനകാലത്തെ രൂപപ്പെടുത്തിയത്‌ എന്നത്‌ ആര്‍ക്കും നിഷേധിക്കാനാവില്ല. വിദ്യാലയങ്ങളിലൂടെയും വിദ്യാഭ്യാസത്തിലൂടെയുമായിരുന്നു ക്രൈസ്തവികമൂല്യങ്ങളെ നാം മലയാണ്‍മയുടെ മനസ്സില്‍ പതിപ്പിച്ചുറപ്പിച്ചത്‌. ആധുനിക വിദ്യാഭ്യാസം മാത്രമല്ല ഏകപത്നീവ്രതവും മക്കത്തായവും മുതല്‍ റബര്‍ കൃഷിയും കുടിയേറ്റവുംവരെ കേരളസമൂഹത്തിന്‌ സംഭാവനചെയ്തത്‌ ക്രൈസ്തവസമൂഹമാണെന്നത്‌ തമസ്ക്കരിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്‌. എന്നാല്‍ ഇന്ന്‌ വിദ്യാഭ്യാസം കേവലം തൊഴില്‍നേട്ടത്തിനുള്ള ഒരു മുന്നൊരുക്കം മാത്രമായി തീര്‍ന്നിരിക്കുന്നു. അതുകൊണ്ടുതന്നെ വിദ്യാഭ്യാസമേഖലയിലൂടെ മാത്രം സമൂഹത്തിന്റെ ചിന്താരൂപീകരണത്തില്‍ പങ്കാളികളാവുക എന്നതും നടപ്പാവാതെ വരുന്നു. മാത്രമല്ല വാര്‍ത്താ വിനിമയ രംഗത്ത്‌ വിപ്ലവങ്ങള്‍ അനുദിനമെന്നോണം സംഭവിക്കുന്ന ഈ കാലയളവില്‍ ദൃശ്യ ശ്രാവ്യ അച്ചടി മാധ്യമങ്ങള്‍ക്ക്‌ ഓരോ വ്യക്തിയുടെയും ചിന്തകളെയും അഭിപ്രായങ്ങളെയും രൂപീകരിക്കുന്നതില്‍ പ്രഥമമായ സ്ഥാനം കൈവന്നിരിക്കുന്നു. ഇന്ന്‌ സമൂഹത്തിന്റെ ബൌദ്ധിക മണ്ഡലത്തില്‍ ക്രൈസ്തവ ചിന്തകളെ പ്രതിഷ്ഠിക്കുവാന്‍ നമുക്ക്‌ സാധിച്ചിട്ടില്ലെന്നു മാത്രമല്ല; ക്രൈസ്തവ വിരുദ്ധര്‍ അധീശത്വം സ്ഥാപിച്ചിരിക്കുന്ന സാംസ്കാരിക രംഗത്തുനിന്ന്‌ സഭയ്ക്കെതിരെ അടിയ്ക്കടി ഉണ്ടാകുന്ന പ്രത്യയശാസ്ത്ര ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുവാന്‍ പോലും കഴിയാത്ത ദുഃഖകരമായ സ്ഥിതിവിശേഷമാണുള്ളത്‌. ക്രൈസ്തവവിരുദ്ധര്‍ തങ്ങളുടെ ഗൂഢലക്ഷ്യങ്ങള്‍ക്കുവേണ്ടി സമൂഹത്തിന്റെ ചിന്താമണ്ഡലത്തില്‍ വിഷം കുത്തിവയ്ക്കുന്ന രീതി നോക്കുക. ഏകദേശം പതിനഞ്ചുകൊല്ലങ്ങള്‍ മുന്‍പ്‌ കേരളത്തിന്റെ വിദ്യാഭ്യാസപുരോഗതിയില്‍ സമഗ്രമായ സംഭാവന നല്‍കുന്നവര്‍ എന്ന മാന്യമായ ഒരു സ്ഥാനമായിരുന്നു ക്രൈസ്തവ സമൂഹത്തിന്‌ ഉണ്ടായിരുന്നത്‌. ജാതിമതഭേദമെന്യേ ഏവരും ആ സത്യം അംഗീകരിച്ചിരുന്നു. എന്നാല്‍ കുറച്ചുനാളായി ‘വിദ്യാഭ്യാസക്കച്ചവടം’ എന്ന വാക്കു കേള്‍ക്കുമ്പോള്‍ ശരാശരി മലയാളിയുടെ മനസ്സില്‍ തെളിയുന്നത്‌ ക്രൈസ്തവ മാനേജ്മെന്റുകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്‌. വര്‍ഷങ്ങളെടുത്ത്‌ സമൂഹത്തിന്റെ ചിന്താധാരയില്‍ മനഃപൂര്‍വ്വം വളര്‍ത്തിയെടുത്ത അഭിപ്രായമാണ്‌ പിന്നീട്‌ നമ്മുടെ സ്ഥാപനങ്ങളെ ഈ വിധം മുദ്രകുത്തുന്ന അവസ്ഥ സംജാതമാക്കിയത്‌. സി.ബി.എസ്‌.ഇ., ഐ.സി.എസ്‌.ഇ. സിലബസുകള്‍ അടിസ്ഥാനപ്പെടുത്തി ക്രൈസ്തവ സമൂഹത്തിന്റെ നേതൃത്വത്തില്‍ അണ്‍ എയ്ഡഡ്‌ സ്ഥാപനങ്ങള്‍ ആരംഭിച്ച ഘട്ടത്തില്‍തന്നെ ‘വിദ്യാഭ്യാസക്കച്ചവടം’ എന്ന വാക്ക്‌ കേരളസമൂഹത്തിന്റെ ബോധമണ്ഡലത്തില്‍ പ്രതിഷ്ഠിക്കുവാന്‍ സഭാവിരുദ്ധര്‍ക്ക്‌ സാധിച്ചു. കാലഹരണപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഒരു പൊളിച്ചെഴുത്ത്‌ ആവശ്യമാണെന്ന്‌ മനസ്സിലാക്കിയവര്‍ ഈ സ്ഥാപനങ്ങളെ തങ്ങളുടെ മക്കളുടെ മികച്ച വിദ്യാഭ്യാസത്തിനായി ഉപയോഗിച്ചപ്പോഴും ‘മാറുന്ന കാലത്തിനൊപ്പം മാറേണ്ട ആധുനിക വിദ്യാഭ്യാസം’ എന്ന മുദ്രാവാക്യം പൊതുസമൂഹത്തിലെത്തിക്കുവാനോ കുട്ടിസഖാക്കളുടെ രാഷ്ട്രീയാഭ്യാസങ്ങളും സമരാഭാസങ്ങളും പൊതു വിദ്യാഭ്യാസത്തെ തകര്‍ക്കുന്നുവെന്ന സത്യം സാധാരണക്കാര്‍ക്ക്‌ മനസ്സിലാക്കി കൊടുക്കുന്നതിനോ ക്രൈസ്തവസമൂഹത്തിന്‌ സാധിച്ചില്ല. അതിനു കാരണമായത്‌ സമൂഹത്തിന്റെ ബൌദ്ധിക സാംസ്കാരിക മണ്ഡലങ്ങളില്‍നിന്ന്‌ തീണ്ടാപ്പാടകലം മാറിനിന്ന നമ്മുടെ കുറ്റകരമായ അനാസ്ഥയായിരുന്നു. സ്വാശ്രയ കോളേജ്‌ പ്രശ്നത്തില്‍ ഇന്റര്‍ ചര്‍ച്ച്‌ കൌണ്‍സില്‍ നീതിയുക്തവും നിയമാനുസൃതവുമായ തീരുമാനമെടുത്തപ്പോഴും സഭ വിദ്യാഭ്യാസ കച്ചവടക്കാരാണെന്ന ബോധ്യം സമൂഹത്തിലേക്ക്‌ കയറ്റിവിടുവാന്‍ തല്‍പര കക്ഷികള്‍ക്ക്‌ സാധിച്ചു. ചില സഭാതനയരില്‍ പോലും സഭയ്ക്കും സഭാധികാരികള്‍ക്കുമെതിരായി വിദ്വേഷം നിറയ്ക്കുവാന്‍ അവരുടെ നീക്കങ്ങള്‍ക്ക്‌ കഴിഞ്ഞു. അതേ സമയം സര്‍ക്കാരുമായി ഉണ്ടാക്കിയ കരാറിന്റെ മറവില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തെ ചന്തനിലവാരത്തില്‍ തൂക്കി വില്‍ക്കുന്നവര്‍ ‘സാമൂഹ്യപ്രതിബദ്ധതയുള്ളവരായി’ വാഴ്ത്തപ്പെട്ടു.
മതരാഷ്ട്രവാദത്തിലും തീവ്രവാദത്തിലും അധിഷ്ഠിതമായ സംഘടനകള്‍പോലും പുരോഗമന വാദത്തിന്റെയും സാമ്രാജ്യത്വ വിരുദ്ധതയുടെയും മുഖംമൂടിയണിഞ്ഞ്‌ ജനകീയ പ്രശ്നങ്ങളില്‍ ഇടപെടുകയും അവയെ ഏറ്റെടുക്കുകയും ചെയ്തുകൊണ്ട്‌ തങ്ങളുടെ ആശയങ്ങളെ വളഞ്ഞവഴിയിലൂടെ സമൂഹത്തിന്റെ ചിന്താധാരയില്‍ കടത്തിവിടുവാന്‍ ശ്രമിക്കുമ്പോള്‍ (ഉദാ. ജമാഅത്തെ ഇസ്ലാമിയും മാധ്യമം പ്രസിദ്ധീകരണങ്ങളും) ഏറ്റവും ഉന്നതമായ ആശയങ്ങള്‍ – ധാര്‍മികതയിലും തത്വശാസ്ത്രത്തിലും രാഷ്ട്രമീമാംസയിലും സാമ്പത്തിക ശാസ്ത്രത്തിലും ആരോഗ്യ കാര്‍ഷിക വ്യാവസായിക മേഖലകളിലുമെല്ലാം – കൈമുതലായുള്ള ക്രൈസ്തവസമൂഹത്തിന്‌ തങ്ങളുടെ ആശയങ്ങള്‍ സാംസ്കാരിക ചിന്താ മണ്ഡലങ്ങളില്‍ എത്തിക്കുവാന്‍ സാധിക്കാത്തത്‌ ശക്തമായ ഒരു മാധ്യമം കൈയ്യിലില്ലാത്തുകൊണ്ടു മാത്രമാണ്‌. സഭയ്ക്കെതിരായി പ്രവര്‍ത്തിക്കുന്നവര്‍ ഉടുപ്പൂരിയ കന്യാസ്ത്രീയേയും വൃദ്ധനായ കടലാസു പുലിയേയും ബുദ്ധിജീവികളായും സഭയിലെ പുരോഗമനവാദികളായും കെട്ടി എഴുന്നള്ളിക്കുമ്പോള്‍ സഭയുടെ പക്ഷത്തുനിന്ന്‌ ചിന്തിക്കുന്ന പ്രതിഭാധനരായ പണ്ഡിതശ്രേഷ്ഠരുടെ അഭിപ്രായങ്ങള്‍ തമസ്ക്കരിക്കപ്പെടുന്നു. പ്രഖ്യാപിത ബുദ്ധിജീവിയാകാനുള്ള എളുപ്പമാര്‍ഗം കത്തോലിക്കാസഭയെ വിമര്‍ശിക്കുകയോ സമൂഹത്തില്‍ നിലവിലിരിക്കുന്ന ധാര്‍മിക മൂല്യങ്ങള്‍ക്ക്‌ വിരുദ്ധമായി പ്രവര്‍ത്തിക്കുകയോ ചെയ്യുക എന്നതായിരിക്കുന്നു. ലോകത്തിന്‌ ധാര്‍മിക മൂല്യങ്ങള്‍ പകര്‍ന്നു നല്‍കിയത്‌ ക്രൈസ്തവ സഭയാണെന്ന്‌ ഓര്‍മ്മിക്കുക. അപ്പോള്‍ നിലവിലിരിക്കുന്ന ധാര്‍മികതയ്ക്കെതിരായ ‘യുദ്ധം’ ക്രൈസ്തവ സഭയുടെ പഠനങ്ങള്‍ക്കെതിരെയുമാകുന്നു. അതുകൊണ്ടാണ്‌ മഠം ഉപേക്ഷിച്ച കന്യാസ്ത്രീയുടെയും ജയില്‍ മോചിതനായ കള്ളന്റെയും ‘പെന്‍ഷന്‍ പറ്റിയ’ വേശ്യയുടെയും ‘ലൈംഗിക സ്വാതന്ത്ര്യത്തിനായി കലഹിക്കുന്ന‘ സ്വവര്‍ഗപ്രേമികളുടെയും ആത്മകഥകള്‍ ആഘോഷിക്കപ്പെടുകയും ധാര്‍മ്മികതയ്ക്കുവേണ്ടി നിലകൊള്ളുന്നവര്‍ ‘കപടസദാചാര വാദികള്‍’ ആയി മുദ്രകുത്തപ്പെടുകയും ചെയ്യുന്നത്‌. ഇവിടെ ക്രൈസ്തവരെന്ന നിലയില്‍ നാം എന്താണ്‌ ചെയ്യേണ്ടത്‌? മാധ്യമങ്ങളുടെ നിലപാടുകളെ സ്വാധീനിക്കാനും വിമര്‍ശിക്കാനും കഴിവുള്ളവരായിത്തീരുക എന്നതാണ്‌ പ്രധാനം. റബറിനും കുരുമുളകിനും വിലകൂടിയോ എന്ന്‌ അറിയുവാന്‍ മാത്രം പത്രം നോക്കുന്നവരാകാതെ സാമൂഹിക വിഷയങ്ങളില്‍ ഓരോ പത്രവും എടുക്കുന്ന നിലപാടുകള്‍ എന്താണെന്ന്‌ നിരീക്ഷിക്കുകയും പത്രാധിപര്‍ക്കുള്ള കത്തുകളിലൂടെയും മറ്റും നമ്മുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അറിയിക്കുകയും ചെയ്യുക. വാര്‍ത്താ ചാനലുകളില്‍ പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ അറിയിക്കാനുള്ള പരിപാടികളില്‍ സജീവമായി പങ്കുചേരുക. സഭയുടെ ധാര്‍മികതയും ക്രിസ്തീയ രാഷ്ട്രീയവും കേരളത്തിന്റെ ബൌദ്ധിക മണ്ഡലങ്ങളിലെത്തിക്കാനായി നമുക്ക്‌ ഒരു രാഷ്ട്രീയ സാംസ്കാരിക പ്രസിദ്ധീകരണം കൂടിയേ തീരൂ. വിവിധ സന്യാസ സമൂഹങ്ങളുടേതും രൂപതകളുടേതുമായി എണ്ണമറ്റ പ്രസിദ്ധീകരണങ്ങള്‍ നമുക്കുണ്ടെന്നത്‌ മറക്കുന്നില്ല. പക്ഷേ അവയ്ക്കൊന്നിനുംതന്നെ ഒരു സെക്കുലര്‍ സമൂഹത്തിലേക്കിറങ്ങിച്ചെന്ന്‌ കാഴ്ചപ്പാടുകളുടെ രൂപീകരണത്തില്‍ പ്രധാന പങ്കു വഹിക്കാന്‍ കഴിയുന്നില്ല എന്നത്‌ സത്യമാണ്‌. സഭയുടെ ആശയങ്ങളോട്‌ ഒരു തലത്തിലല്ലെങ്കില്‍ മറ്റൊരുതലത്തില്‍ യോജിക്കുന്നവരും ഇടതുപക്ഷവിരുദ്ധരായ അനേകം സാഹിത്യകാരന്‍മാരും സാംസ്കാരിക പ്രവര്‍ത്തകരും മലയാളക്കരയിലുണ്ട്‌. അവര്‍ ഇടതുപക്ഷ വിരുദ്ധരാണെന്ന ഒറ്റക്കാരണത്താല്‍ അവരുടെ ആശയങ്ങള്‍ സമൂഹത്തില്‍ എത്തുന്നില്ല. അവരെയൊക്കെ യോജിപ്പിച്ചുകൊണ്ട്‌ ക്രൈസ്തവിക മൂല്യങ്ങള്‍ അവരിലൂടെ സമൂഹത്തിന്റെ ബൌദ്ധിക മണ്ഡലത്തില്‍ എത്തിക്കുവാനും ശുദ്ധവും ആധുനികവും മാനുഷികവുമായ ഒരു സാംസ്കാരികരംഗം സ്ഥാപിക്കുവാനും നാം മുന്‍കൈയ്യെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.