Saturday, December 4, 2010

ആട്ടിന്‍‌തോലണിഞ്ഞ ചെന്നായ്ക്കള്‍

ഇത്തരമൊരു പംക്തിയില്‍ പരാമര്‍ശിക്കപ്പെടാന്‍ തക്ക യോഗ്യത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ‘പുരോഗമന’ പ്രസിദ്ധീകരണങ്ങള്‍ക്ക് ഇല്ലാ എങ്കിലും സഖാക്കളെ സഭാചരിത്രം പഠിപ്പിക്കാന്‍ മാര്‍ക്സിസ്റ്റ് സൈദ്ധാന്തികര്‍ ഇറങ്ങുമ്പോള്‍ അതിലെ ‘വൈരുദ്ധ്യാത്മകത’ നിഷ്പക്ഷമതികളെ ചൂണ്ടിക്കാണിക്കേണ്ടതുണ്ടല്ലോ. ‘ചെകുത്താന്‍ വേദമോതുന്നു‘ എന്ന പഴഞ്ചൊല്ലിനെ ഓര്‍മപ്പെടുത്തുന്ന വിധത്തില്‍ ദേശാഭിമാനി വാരികയിലാണ് ‘മതം/ചരിത്രം’ എന്ന പേരില്‍ പംക്തി ആരംഭിച്ചിരിക്കുന്നത്. മതം എന്നാല്‍ ഈ ലോകത്ത് കത്തോലിക്കാ സഭ മാത്രമാണെന്ന് തോന്നിപ്പിക്കത്തക്ക വിധത്തില്‍ കത്തോലിക്കാ സഭയുടെ രാഷ്ട്രീയ വഴികള്‍ എന്ന ‘സബ് ഹെഡ് ‘ ബ്രാക്കറ്റിലും നല്‍കുന്നുണ്ട്. മാര്‍പ്പാപ്പാമാരുടെ ഭരണാധികാരത്തെക്കുറിച്ചു പറഞ്ഞ് തുടങ്ങിയ പ്രസ്തുത ലേഖന പരമ്പരയുടെ മൂന്നാം ഭാഗം വായിക്കുന്നവര്‍ക്ക് സഭാചരിത്രത്തെക്കുറിച്ച് സഖാവിനുള്ള ജ്ഞാനം മനസ്സിലാക്കാം. കുരിശു യുദ്ധങ്ങളെക്കുറിച്ച് പ്രതിപാദിച്ചു കൊണ്ട് ‘മാര്‍ക്സിസ്റ്റ് സഭാ ചരിത്രകാരന്‍‘ രേഖപ്പെടുത്തുന്നത് ഇങ്ങനെ സംഗ്രഹിക്കാം 'യൂറോപ്പിലെങ്ങും ക്രിസ്തുമതം പടര്‍ന്നത് കുരിശു യുദ്ധങ്ങളെ തുടര്‍ന്നാണ്. മുസ്ലീങ്ങളുടെ ധീരമായ ചെറുത്തു നില്‍പ്പാണ് ഏഷ്യയെ ക്രിസ്ത്യന്‍ അധിനിവേശത്തില്‍ നിന്നും രക്ഷിച്ചത്. യൂറോപ്പിലെ മറ്റു മതങ്ങളെപ്പോലെ ഹിന്ദുമതം ഇന്‍ഡ്യയില്‍ നാമാവശേഷമാകാതിരുന്നതിന് സംഘപരിവാരങ്ങള്‍ മുസ്ലീങ്ങളോട് കടപ്പെട്ടിരിക്കുന്നു.’ തീര്‍ന്നില്ല വിശുദ്ധരായ സന്യാസി ശ്രേഷ്ഠന്മാരെയും, സഭാപിതാക്കന്മാരെയുമൊക്കെ ‘മാര്‍ക്സിസ്റ്റ് ഭാഷയില്‍ ‘ തന്നെ വിമര്‍ശിക്കുന്നുമുണ്ട്. ക്രിസ്തുമതം ഉദ്ഭവിച്ചത് ഏഷ്യയിലാണെന്നും, അതിന് അരസഹസ്രാബ്ദം പ്രായമുള്ളപ്പോള്‍ മാത്രം ഉദ്ഭവിച്ച ഇസ്ലാം മതത്തിലെ ഭരണാധികാരികളുടെ കൊടും പീഡനം മൂലമാണ് ഇന്ന് ജന്മനാട്ടില്‍ ക്രിസ്ത്യാനികള്‍ ന്യൂനപക്ഷമായിരിക്കുന്നത് എന്നും യൂറോപ്പിലേക്കുള്ള തുര്‍ക്കികളുടെ പ്രയാണത്തെ തടുത്ത് നിര്‍ത്തിയത് കുരിശു യുദ്ധങ്ങളാണെന്നും സാമാന്യ ചരിത്ര ജ്ഞാനമുള്ളവര്‍ക്കൊക്കെ അറിവുള്ളതാണല്ലോ. അപ്പോള്‍ പിന്നെ മാര്‍ക്സിസ്റ്റുകളുടെ ഈ പുതു ചരിത്ര രചനയ്ക്കു പിന്നിലെ ലക്ഷ്യമെന്തായിരിക്കും? അമേരിക്ക ഇറാഖ് യുദ്ധത്തെ പോലും കുരിശു യുദ്ധമായി വ്യഖ്യാനിക്കുന്നവര്‍ക്കുള്ള ലക്ഷ്യം തന്നെ. എ.ഡി 1000-ലും 2000-ലും കത്തോലിക്കാ സഭ ലോകാവസാനം പ്രവചിച്ചു എന്ന കണ്ടു പിടുത്തവും ‘സഭാ ചരിത്രകാരനായ സഖാവ് ‘ നടത്തുന്നുണ്ട്. പത്തു മിനിട്ട് കൊണ്ട് 68 ‘ ഹോട്ട് ഡോഗ് ‘ തിന്ന് സായിപ്പ് ഗിന്നസ് ബുക്കില്‍ കയറിയതിനെ ‘പത്തു മിനിട്ട് കൊണ്ട് 68 പട്ടിയെ’ തിന്നു എന്നു വാര്‍ത്തയാക്കി ‘ഗിന്നസ് ബുക്കില്‍ കയറാന്‍ ഇങ്ങനെയും അഭ്യാസം’ എന്ന് ഒരു അഭിപ്രായവും ചേര്‍ത്ത് മുന്‍പേജ് വാര്‍ത്തയായി സഖാക്കന്മാര്‍ക്കു പകര്‍ന്നു കൊടുത്ത ‘ദേശാഭിമാനിയിലെ വിശാരദന്മാരുടെ വിജ്ഞാനം’ സാമാന്യ ജനത്തിന് അറിവുള്ളതിനാല്‍ ഈ ‘മാര്‍ക്സിസ്റ്റ് സഭാചരിത്രം’ അര്‍ഹിക്കുന്ന സ്ഥാനം എവിടെയാണെന്നും അവര്‍ക്ക് നല്ല നിശ്ചയമുണ്ട്.

‘കത്തോലിക്കര്‍ എന്തിന് കമ്മ്യൂണിസ്റ്റുകാരെ പേടിക്കണം?’ എന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ ചോദിക്കുന്നു നൈനാന്‍ കോശി. രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിനെക്കുറിച്ചും വിമോചന ദൈവശാസ്ത്രത്തെക്കുറിച്ചുമൊക്കെ പറഞ്ഞു പോകുന്ന ലേഖനം ഉപസംഹരിക്കുന്നത് ലാറ്റിന്‍ അമേരിക്കന്‍ മാതൃകയില്‍ സഭയും കമ്മ്യൂണിസവും ചേര്‍ന്നു പോകണമെന്ന് ഉദ്ബോധിപ്പിച്ചു കൊണ്ടാണ്. കത്തോലിക്കര്‍ക്ക് കമ്മ്യൂണിസ്റ്റുകാരെയല്ല, കമ്മ്യൂണിസ്റ്റുകള്‍ക്ക് കത്തോലിക്കരെയാണ് പേടി എന്നത് ഒരു ആഗോള സത്യമാണെന്ന് നൈനാന്‍ കോശിക്ക് അറിവില്ലാത്തതല്ല. കേരളത്തിലാണെങ്കില്‍ വിമോചനസമര കാലത്ത് കിട്ടിയ പേടി ഇതുവരെ പോയിട്ടില്ല എന്നു മാത്രമല്ല വളര്‍ന്നു വളര്‍ന്നു വരുകയുമാണ്. ലേഖനം വായിച്ചു തീരുമ്പോള്‍ മറ്റൊരു പേടി കൂടി വായനക്കാര്‍ക്കു മനസ്സിലാകും. ഇനിയൊരിക്കല്‍ കൂടി പാര്‍ലമെന്റ് കാണാന്‍ പറ്റുമോ എന്ന കോശിച്ചായന്റെ പേടി.

ചൈനീസ് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ലിയൂ സിയാബോ-യ്ക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചത് ചൈനീസ് ഇരുമ്പു മറയ്ക്കു പിന്നില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് ലോകം അറിവുള്ളവരാണ് എന്ന പ്രഖ്യാപനമായി. മുഖ്യധാരാ മാധ്യമങ്ങള്‍ കമ്മ്യൂണിസ്റ്റ് ചൈനയിലെ ഭരണകൂടത്തിന്റെ അതിക്രമങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്തു. എന്നാല്‍ നമ്മുടെ ഇടതുപക്ഷ ബുദ്ധി ജീവികളും മാധ്യമങ്ങളും അത് ‘അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഗൂഢ തന്ത്രമായി’ വിലയിരുത്തി.

അയോധ്യാ വിധിപ്രസ്താവം യാതൊരു പ്രശ്നങ്ങളുമില്ലാതെ കടന്നു പോയി. ‘മന്ദിര്‍മസ്ജിദ്’ പ്രശ്നത്തിന് പരിഹാരം കാണുവാന്‍ ഈ വിധി വഴിയൊരുക്കും എന്ന് സുമനസ്സുകള്‍ പ്രത്യാശ പ്രകടിപ്പിച്ചു. എന്നാല്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഒരുങ്ങിയിരുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടി കലങ്ങാത്ത വെള്ളം കലക്കാന്‍ തന്നെ തീരുമാനിച്ചു. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിതന്നെ വിധിയോടുള്ള വിയോജിപ്പ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. എന്തായാലും സഖാക്കള്‍ ആഗ്രഹിച്ച വഴിക്കുതന്നെ കാര്യങ്ങള്‍ നീങ്ങുന്നുണ്ട്. അപ്പീലുമായി സുപ്രീം കോടതിയെ സമീപിക്കാനുള്ള തീരുമാനം കേസിലെ കക്ഷികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ചൂടിലാണ് കേരളം. പഴയകാലത്തേതില്‍നിന്നു വ്യത്യസ്തമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭാരവാഹികള്‍ പോലും സ്വതന്ത്രവേഷത്തിലും ചിഹ്നത്തിലുമാണ് അങ്കത്തിനിറങ്ങിയിരിക്കുന്നത്. വെളുക്കെ ചിരിച്ച് മധുരതരമായി സംസാരിച്ച് വീടുകള്‍ കയറി ഇറങ്ങുന്നവര്‍ വ്യക്തികള്‍ക്ക് വോട്ട് നല്‍കാനാണ് അഭ്യര്‍ത്ഥിക്കുന്നത്. കോളേജ് തെരഞ്ഞെടുപ്പില്‍ പോലും രാഷ്ട്രീയം കലര്‍ത്തുകയും എതിര്‍ക്കുന്നവരെ ‘അരാഷ്ട്രീയ വാദികള്‍’ എന്നു മുദ്രകുത്തുകയും ചെയ്യുന്നവര്‍ ഈ തെരഞ്ഞെടുപ്പിനെ അരാഷ്ട്രീയവത്കരിക്കാന്‍ കച്ചകെട്ടി ഇറങ്ങിയത് എന്തിനാണെന്ന് മനസ്സിലാക്കുക, ആട്ടിന്‍‌തോലണിഞ്ഞ ചെന്നായ്ക്കളെ ജാഗ്രതയോടെ തിരിച്ചറിയുക.