പെണ്ണ് മാഫിയയും, മണ്ണ് മാഫിയയും, മദ്യ മാഫിയയും മലയാളിക്ക് സുപരിചിതം. അക്കൂട്ടത്തിലേക്ക് അവസാനം കടന്നു വന്നവരാണ് ലോട്ടറി മാഫിയ. സാന്റിയാഗോ മാര്‍ട്ടിനും ഭൂട്ടാന്‍ ഡാറ്റായും ‘മാനും കുയിലും’ പോലെ കേരളീയര്‍ക്കു പരിചിതരായി. സാധാരണക്കാരന്റെ ഭാഗ്യാന്വേഷണത്വരയെ ചൂഷണം ചെയ്ത് കീശ വീര്‍പ്പിക്കുന്നവര്‍ സര്‍ക്കാര്‍ ഖജനാവില്‍ അടയ്ക്കേണ്ട നികുതി കൊടുക്കുന്നില്ലെങ്കിലും രാഷ്ട്രീയ തമ്പുരാക്കന്‍മാരുടെ മുമ്പില്‍ കാഴ്ചയിട്ട് വണങ്ങുന്നുണ്ടെന്നത് നാട്ടിലെങ്ങും പാട്ടായ കാര്യമാണല്ലോ. ദിവസക്കൂലിക്കാരായ തൊഴിലാളികളും സാധാരണക്കാരുമാണ് ലോട്ടറി എന്ന ദുര്‍ഭൂതത്തിന്റെ കെണിയില്‍പെട്ട് ജീവിതം നഷ്ടമായവരില്‍ ഏറെയും. അന്യസംസ്ഥാന ലോട്ടറിയുടെ ദൂഷ്യ വശങ്ങള്‍ മനസ്സിലാക്കി അവരുടെ പരസ്യത്തില്‍നിന്ന് പ്രശസ്ത സിനിമാ നടന്‍ ജഗതി ശ്രീകുമാര്‍ പിന്‍മാറിയപ്പോഴും തൊഴിലാളി വര്‍ഗ്ഗത്തിന്റെ സ്വന്തം ചാനല്‍ നറുക്കെടുപ്പ് തത്സമയം കാണിച്ച് അടിസ്ഥാന വര്‍ഗ്ഗത്തെ ‘സേവിക്കുക’ ആയിരുന്നു. സമ്മതിച്ചിരിക്കുന്നു സഖാവേ! ഇതു തന്നെ ‘ഒരു ജനതയുടെ ആത്മാവിഷ്കാരം’.
പ്രധാന എതിരാളിയായ ഇന്ത്യയെ ‘ഒതുക്കാന്‍’ ചൈന നടത്തുന്ന ശ്രമങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയ്ക്ക് ദോഷകരമായ ഒട്ടേറെ പദ്ധതികള്‍ പാക്കിസ്ഥാനുമായി ചേര്‍ന്ന് ചൈന ആസൂത്രണം ചെയ്യുന്നതും ഇന്ത്യയ്ക്ക് അതിലുള്ള എതിര്‍പ്പുമൊക്കെ പ്രമുഖ മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായി. സദ്ദാം ഹുസൈനെ തൂക്കലേറ്റിയപ്പോള്‍ കേരള ജനതയെ ബന്ദികളാക്കി ഹര്‍ത്താലാചരിച്ചവരും ഇസ്രായേലിന്റെയും അമേരിക്കയുടെയും അധിനിവേശത്തിനും സാമ്രാജ്യത്വത്തിനും എതിരേ നാഴികയ്ക്ക് നാല്‍പതുവട്ടം കണ്ഠക്ഷോഭം നടത്തുന്നവരും മാതൃരാജ്യത്തെ ബാധിക്കുന്ന ഈ വിഷയത്തില്‍ പ്രതികരിച്ച് കണ്ടില്ല. അല്ലെങ്കിലും “അവര് അവരുടേതെന്നും നമ്മള് നമ്മുടേതെന്നും പറയുന്ന, പുല്ലുപോലും കിളിര്‍ക്കാത്ത ഭൂപ്രദേശത്തിനു” വേണ്ടി വാദിക്കാനും അതിനെക്കുറിച്ചൊക്കെ ആലോചിക്കാനും നമുക്കെവിടെ നേരം…? സ്വാശ്രയ കോളേജുകളിലെ സാമൂഹ്യനീതിക്കു വേണ്ടി ‘പൊരുതാന്‍’ പോലും സമയം തികയുന്നില്ല അപ്പോളാ…
ഭാഗ്യക്കുറി വരുത്തിവച്ച ഭാഗ്യക്കേടില്‍നിന്ന് തലയൂരിയില്ല, അതിനു മുമ്പേ ഇതാ മദ്യ ദുരന്തം. മാധ്യമങ്ങള്‍ അത് എക്സൈസ് വകുപ്പിന്റെ വീഴ്ചയായി ‘മുദ്രകുത്തി’. പിടിച്ചു നില്‍ക്കണ്ടേ മന്ത്രിയും പരിവാരങ്ങളും പുതിയ കണ്ടുപിടുത്തവുമായെത്തി. “സംഭവം അട്ടിമറി” പക്ഷേ ചാനലുകാര്‍ കടത്തിവെട്ടി. കള്ളിലെ കള്ളത്തരങ്ങളെക്കുറിച്ച് സര്‍ക്കാരിന് ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ട് അവഗണിച്ചതാണ് ദുരന്തത്തിനു കാരണമായതെന്ന് അവര്‍ തെളിവു നിരത്തി. ചര്‍ച്ചകളും കുറ്റാരോപണങ്ങളും കൊടുമ്പിരികൊള്ളുമ്പോള്‍ ആശ്രയമറ്റുപോയ കുറേ ജന്‍മങ്ങളുടെ വേദന ആരെങ്കിലും അറിയുന്നുണ്ടോ ആവോ… ?
സഭ ഉപേക്ഷിച്ച വൈദികന്റെ ആത്മകഥയെക്കുറിച്ച് മാതൃഭൂമി പത്രത്തില്‍ റിപ്പോര്‍ട്ട്. കുമ്പസാര രഹസ്യങ്ങളിലെ ‘എരിവും പുളിയും’ അറിയാന്‍ ഇതാ ഈ പുസ്തകം വായിക്കൂ എന്ന് പരസ്യം ചെയ്യുന്നതു പോലെയുള്ള ഈ ‘ഇക്കിളി റിപ്പോര്‍ട്ട്’ വായിച്ചു തീരുമ്പോള്‍ ഒരു സംശയം ബാക്കി. ഇതാണോ മാതൃഭൂമി ‘പത്രത്തോടൊപ്പം കൈമാറുന്ന’ സംസ്കാരം… ?
‘മത തീവ്രവാദികളുടെ ഭീഷണിയെത്തുടര്‍ന്ന്’ യൂസഫലി കേച്ചേരി ‘തിരുത്തിയെഴുതിയ’ കാവ്യം ‘മിശിഹായനം’ അടുത്ത ലക്കം ആരംഭിക്കുമെന്ന് കലാകൌമുദി അറിയിക്കുന്നു. കേച്ചേരിയുടെ കൈവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ ആ ‘തീവ്രവാദികളെ’ക്കുറിച്ചും കൂടി എഴുതണേ പ്ലീസ്…
സഭയില്‍ ഏറെ ചര്‍ച്ച ചെയ്തപ്പെട്ടതും ഭാരത നസ്രാണികളുടെ പൈതൃകവുമായ മാര്‍തോമ്മാ കുരിശ് വീണ്ടുമൊരു വിവാദമാക്കാന്‍ കേരളശബ്ദം വാരിക തങ്ങളെക്കൊണ്ട് ആവുന്ന വിധത്തിലൊക്കെ ശ്രമിക്കുന്നുണ്ട്. അമേരിക്കയിലെ ചിക്കാഗോ ഇടവകയിലുണ്ടായ തര്‍ക്കം ബ്ലോഗിലൂടെയും ലേഖനങ്ങളിലൂടെയും മറുപടി കത്തുകളിലൂടെയും ഉഷാറാക്കാന്‍ ശ്രമിക്കുന്നവരുടെ സഭാ വിജ്ഞാനവും ചരിത്രബോധവും കാണുമ്പോള്‍ ‘അഞ്ജനമെന്നാലെനിക്കറിയാം മഞ്ഞളുപോലെ വെളുത്തിരിക്കും…’ എന്നു പറഞ്ഞ മഹാന്‍ എത്രയോ ഭേദം എന്നു തോന്നിപ്പോകും.
ഇടറി വീണ ഇടയരുടെ ആത്മകഥകളിലൂടെയും ‘കുരിശ്’ യുദ്ധങ്ങളിലൂടെയും സഭയില്‍ ഭിന്നത വിതയ്ക്കാനുള്ള ചില രാഷ്ട്രീയ-മാധ്യമ ശക്തികളുടെ ശ്രമത്തെ നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഉണര്‍ന്നിരിക്കുക, ജാഗ്രത പാലിക്കുക…
No comments:
Post a Comment