Tuesday, September 14, 2010

കുറ്റമില്ലാത്ത തെറ്റും നീതിബോധവും

പ്രവാചക നിന്ദ എന്ന കുറ്റം ആരോപിക്കപ്പെട്ട അദ്ധ്യാപകന്‍ പ്രഫ. ടി.ജെ ജോസഫിനെ തൊടുപുഴ ന്യൂമാന്‍ കോളേജ് മാനേജ്മെന്റ് പുറത്താക്കിയ സംഭവമാണ് കഴിഞ്ഞ നാളുകളില്‍ കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. ‘കൈ വെട്ടിയതിനെക്കാള്‍ വലിയ തെറ്റ് ‘ , ‘തീവ്രവാദികള്‍ കൈ വെട്ടി, മാനേജ്മെന്റ് കഴുത്തു വെട്ടി’ എന്നിങ്ങനെയാണ് ഈ സംഭവത്തില്‍ പ്രഖ്യാപിത ‘ബുദ്ധിജീവികളും‘ ‘സാംസ്കാരിക നായകരും’ പ്രതികരിച്ചത്. ഈ വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി എം.എ ബേബിയുടെ ഇരട്ടത്താപ്പ് ചൂണ്ടിക്കാണിക്കുന്നതായിരുന്നു മനോരമന്യൂസ് സം‌പ്രേക്ഷണം ചെയ്ത പറയാതെ വയ്യ എന്ന പരിപാടി. കൈവെട്ട് സംഭവം നടന്ന ഉടന്‍ ബേബി നടത്തിയ ‘വിഡ്ഢിയായ അദ്ധ്യാപകന്റെ വിവരക്കേട്’ എന്ന പ്രസ്താവനയും പിരിച്ചു വിടല്‍ നടപടിക്കു ശേഷമുണ്ടായ ‘മാനേജ്മെന്റിന്റെ നടപടി ക്രൂരം’ എന്ന പ്രസ്താവനയും വിലയിരുത്തി ‘ബേബിയുടെ പിഴ’ ചൂണ്ടിക്കാണിക്കുന്നതായിരുന്നു പ്രസ്തുത പരിപാടി. ചോദ്യപേപ്പറില്‍ ഉപയോഗിച്ച മുഹമ്മദ് എന്ന പേരിന്റെ പേരില്‍ അദ്ധ്യാപകനെ കുറ്റവാളിയാക്കിയ ബുദ്ധി ജീവികളും, അദ്ദേഹത്തിനെതിരെ ‘ക്രിമിനല്‍ കേസ് ‘ എടുത്ത സര്‍ക്കാരും ‘രാജ്യദ്രോഹികളെ’ എന്ന പോലെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ വേട്ടയാടിയ പോലീസും ആരുടെയും ‘നീതി ബോധത്തെ നോക്കി പരിഹസിച്ചില്ല’. കത്തോലിക്കാ സഭയുടെ മാനേജ്മെന്റ് ‘ക്രിമിനല്‍ കേസില്‍ പ്രതിയാക്കപ്പെട്ട’ അദ്ധ്യാപകനെതിരേ നടപടി സ്വീകരിച്ചപ്പോള്‍ മാത്രം ഇവരുടെ ഒക്കെ ‘നീതി ബോധം‘ ഉണരുന്നതെന്തേ? “ഇഷ്ടമില്ലാത്ത അച്ചി തൊടുന്നതൊക്കെ കുറ്റം..“ അത്രതന്നെ.
ഈ വിഷയം കവര്‍ സ്റ്റോറി ആക്കി കലാകൌമുദി സെപ്റ്റംബര്‍ പത്തൊന്‍പതാം ലക്കം. ശാശ്വതികാനന്ദയുടെ മരണത്തെക്കാള്‍ അഭയയുടെ മരണത്തില്‍ ആകുലത കൊള്ളുന്ന കൌമുദിയുടെ ഉദ്ദേശ്യം സുവ്യക്തം. സുദീര്‍ഘമായ ലേഖനത്തില്‍ ‘മാനേജ്മെന്റിന്റെ നടപടിയുടെ നീതിവിരുദ്ധത ‘ ആവര്‍ത്തിച്ച് എടുത്തു പറയുന്ന നൈനാന്‍ കോശി ആഭ്യന്തര മന്ത്രി കൊടിയേരി ബാലകൃഷ്ണനോട് പി.ജെ ജോസഫിനെതിരായ ക്രിമിനല്‍ കേസ് പിന്‍‌വലിക്കണമെന്നു പറയാനുള്ള ആര്‍ജവം കാണിച്ചിരുന്നെങ്കില്‍ എത്ര നന്നായേനേ. ‘അദ്ധ്യാപകന് തീര്‍ച്ചയായും തെറ്റ് പറ്റിയിട്ടുണ്ട്’ എന്നു പറയുമ്പോളും ‘കുറ്റം ചെയ്തിട്ടില്ല’ എന്ന് സമര്‍ത്ഥിക്കുന്നു എം.എന്‍ കാരശേരി. മുസ്ലീം സംഘടനകള്‍ മാനേജ്മെന്റ് നടപടിയെ സ്വാഗതം ചെയ്തത് ഈ ബുദ്ധിജീവിയുടെ ‘ശ്രദ്ധയില്‍പ്പെട്ടിട്ടില്ല’. വര്‍ഗസിദ്ധാന്തത്തിന്റെ മേച്ചില്‍പ്പുറങ്ങളില്‍ അഭിരമിക്കുമ്പോളും ‘സ്വത്വം’ മറക്കാത്ത ‘മൊഹിയുദ്ദീന്‍ നടുക്കണ്ടിയില്‍’ എന്ന കാരശേരിക്കാരന് ‘നല്ല നമസ്കാരം..’
ഇടതുപക്ഷ ഭരണത്തില്‍ കൊട്ടി ഘോഷിക്കപ്പെടുന്ന ഒന്നാണ് ‘ക്യൂബന്‍ മോഡല്‍’. ക്യൂബയില്‍ പത്തു ലക്ഷത്തോളം തൊഴിലാളികളെ പിരിച്ചു വിടുന്നു എന്ന വാര്‍ത്ത മലയാളത്തിലെ പ്രമുഖ പത്രങ്ങളൊക്കെ റിപ്പോര്‍ട്ട് ചെയ്തു. സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കാതെ പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ല എന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് ക്യൂബയുടെ ഈ നടപടി. തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ തികച്ചും ‘കേരള മോഡല്‍‘ ആശുപത്രിയെ ‘ക്യൂബന്‍ മോഡല്‍’ ആക്കിയ ശ്രീമതി ഇതൊക്കെ അറിയുന്നുണ്ടോ ആവോ? എന്തായാലും ക്യൂബയില്‍ ആകെയുള്ള ‘തൊഴിലാളി വര്‍ഗത്തിന്റെ സ്വന്തം യൂണിയന്‍’ പിരിച്ചുവിടല്‍ നടപടിയില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടില്ല. വേണമെങ്കില്‍ കേരളത്തില്‍ ഒന്നാവാം…
അന്യസംസ്ഥാന ലോട്ടറിയെ കെട്ടു കെട്ടിച്ചുവെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോളും മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ മലമ്പുഴയിലടക്കം കള്ള ടിക്കറ്റുകള്‍ വിറ്റഴിക്കുന്നതായി വാര്‍ത്ത വന്നതിന്റെ പിന്നാലെ സിക്കിം സര്‍ക്കാര്‍ വാതുപയ്പിന് നിയമാനുമതി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന വിവരവുമെത്തി. മൊബൈലിലൂടെയും ഇന്റര്‍നെറ്റിലൂടെയും ആര്‍ക്കും പങ്കെടുക്കാന്‍ സാധിക്കുന്ന ഈ ‘ബിസിനസിനായി’ സാന്റിയാഗോ മാര്‍ട്ടിനും രംഗത്തുണ്ട്. ‘പിന്നെയും ചങ്കരന്‍ തെങ്ങേലോട്ടു തന്നെ’ ഇത്തവണ ‘യന്ത്രം‘ ഉപയോഗിച്ചാണെന്നു മാത്രം.

ബ്രിട്ടന്‍ സന്ദര്‍ശനത്തിനിടെ മാര്‍പാപ്പ നടത്തിയ ‘തീവ്ര മതേതരവാദം നിരീശ്വരവാദത്തിലേക്ക് നയിക്കും’ എന്ന പ്രസ്താവന കേരളത്തിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ‘മതേതരത്വം‘ എന്നാല്‍ ‘മതനിഷേധം’ എന്ന് അല്ലാ അര്‍ത്ഥമാക്കുന്നത് എന്ന് നമ്മുടെ ചില മാധ്യമപ്രവര്‍ത്തകരെങ്കിലും ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു.

പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ടി. വി തോമസ് മരിച്ചത് ഒരു ക്രിസ്ത്യാനിയായിട്ടാണെന്നും, മരണാസന്നനായി കിടന്ന അദ്ദേഹത്തിന്റെ കിടക്കയില്‍ കൊന്ത ഉണ്ടായിരുന്നുവെന്നും ആര്‍. ബാലകൃഷ്ണപിള്ള. അതിനാല്‍ ടി.വി തോമസിനെ ചുടുകാട്ടില്‍ അടക്കിയത് ജീവിച്ചിരുന്നപ്പോള്‍ പാര്‍ട്ടി അദ്ദേഹത്തോട് ചെയ്തതിനെക്കാള്‍ വലിയ ക്രൂരതയായിരുന്നുവെന്നാണ് പിള്ള അഭിപ്രായപ്പെടുന്നത്. എന്തായാലും ഇതുവരെ ബാലകൃഷ്ണപിള്ളയെ ആരും ‘നികൃഷ്ടജീവി’ എന്നു വിളിച്ചിട്ടില്ല, ആശ്വാസം….

Wednesday, September 1, 2010

പിടി മുറുക്കുന്ന മാഫിയകള്‍

പെണ്ണ്‌ മാഫിയയും, മണ്ണ്‌ മാഫിയയും, മദ്യ മാഫിയയും മലയാളിക്ക്‌ സുപരിചിതം. അക്കൂട്ടത്തിലേക്ക്‌ അവസാനം കടന്നു വന്നവരാണ്‌ ലോട്ടറി മാഫിയ. സാന്റിയാഗോ മാര്‍ട്ടിനും ഭൂട്ടാന്‍ ഡാറ്റായും ‘മാനും കുയിലും’ പോലെ കേരളീയര്‍ക്കു പരിചിതരായി. സാധാരണക്കാരന്റെ ഭാഗ്യാന്വേഷണത്വരയെ ചൂഷണം ചെയ്ത്‌ കീശ വീര്‍പ്പിക്കുന്നവര്‍ സര്‍ക്കാര്‍ ഖജനാവില്‍ അടയ്ക്കേണ്ട നികുതി കൊടുക്കുന്നില്ലെങ്കിലും രാഷ്ട്രീയ തമ്പുരാക്കന്‍മാരുടെ മുമ്പില്‍ കാഴ്ചയിട്ട്‌ വണങ്ങുന്നുണ്ടെന്നത്‌ നാട്ടിലെങ്ങും പാട്ടായ കാര്യമാണല്ലോ. ദിവസക്കൂലിക്കാരായ തൊഴിലാളികളും സാധാരണക്കാരുമാണ്‌ ലോട്ടറി എന്ന ദുര്‍ഭൂതത്തിന്റെ കെണിയില്‍പെട്ട്‌ ജീവിതം നഷ്ടമായവരില്‍ ഏറെയും. അന്യസംസ്ഥാന ലോട്ടറിയുടെ ദൂഷ്യ വശങ്ങള്‍ മനസ്സിലാക്കി അവരുടെ പരസ്യത്തില്‍നിന്ന്‌ പ്രശസ്ത സിനിമാ നടന്‍ ജഗതി ശ്രീകുമാര്‍ പിന്‍മാറിയപ്പോഴും തൊഴിലാളി വര്‍ഗ്ഗത്തിന്റെ സ്വന്തം ചാനല്‍ നറുക്കെടുപ്പ്‌ തത്സമയം കാണിച്ച്‌ അടിസ്ഥാന വര്‍ഗ്ഗത്തെ ‘സേവിക്കുക’ ആയിരുന്നു. സമ്മതിച്ചിരിക്കുന്നു സഖാവേ! ഇതു തന്നെ ‘ഒരു ജനതയുടെ ആത്മാവിഷ്കാരം’.
പ്രധാന എതിരാളിയായ ഇന്ത്യയെ ‘ഒതുക്കാന്‍’ ചൈന നടത്തുന്ന ശ്രമങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. ഇന്ത്യയ്ക്ക്‌ ദോഷകരമായ ഒട്ടേറെ പദ്ധതികള്‍ പാക്കിസ്ഥാനുമായി ചേര്‍ന്ന്‌ ചൈന ആസൂത്രണം ചെയ്യുന്നതും ഇന്ത്യയ്ക്ക്‌ അതിലുള്ള എതിര്‍പ്പുമൊക്കെ പ്രമുഖ മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായി. സദ്ദാം ഹുസൈനെ തൂക്കലേറ്റിയപ്പോള്‍ കേരള ജനതയെ ബന്ദികളാക്കി ഹര്‍ത്താലാചരിച്ചവരും ഇസ്രായേലിന്റെയും അമേരിക്കയുടെയും അധിനിവേശത്തിനും സാമ്രാജ്യത്വത്തിനും എതിരേ നാഴികയ്ക്ക്‌ നാല്‍പതുവട്ടം കണ്ഠക്ഷോഭം നടത്തുന്നവരും മാതൃരാജ്യത്തെ ബാധിക്കുന്ന ഈ വിഷയത്തില്‍ പ്രതികരിച്ച്‌ കണ്ടില്ല. അല്ലെങ്കിലും “അവര്‌ അവരുടേതെന്നും നമ്മള്‌ നമ്മുടേതെന്നും പറയുന്ന, പുല്ലുപോലും കിളിര്‍ക്കാത്ത ഭൂപ്രദേശത്തിനു” വേണ്ടി വാദിക്കാനും അതിനെക്കുറിച്ചൊക്കെ ആലോചിക്കാനും നമുക്കെവിടെ നേരം…? സ്വാശ്രയ കോളേജുകളിലെ സാമൂഹ്യനീതിക്കു വേണ്ടി ‘പൊരുതാന്‍’ പോലും സമയം തികയുന്നില്ല അപ്പോളാ…
ഭാഗ്യക്കുറി വരുത്തിവച്ച ഭാഗ്യക്കേടില്‍നിന്ന്‌ തലയൂരിയില്ല, അതിനു മുമ്പേ ഇതാ മദ്യ ദുരന്തം. മാധ്യമങ്ങള്‍ അത്‌ എക്സൈസ്‌ വകുപ്പിന്റെ വീഴ്ചയായി ‘മുദ്രകുത്തി’. പിടിച്ചു നില്‍ക്കണ്ടേ മന്ത്രിയും പരിവാരങ്ങളും പുതിയ കണ്ടുപിടുത്തവുമായെത്തി. “സംഭവം അട്ടിമറി” പക്ഷേ ചാനലുകാര്‍ കടത്തിവെട്ടി. കള്ളിലെ കള്ളത്തരങ്ങളെക്കുറിച്ച്‌ സര്‍ക്കാരിന്‌ ഇന്റലിജന്‍സ്‌ നല്‍കിയ റിപ്പോര്‍ട്ട്‌ അവഗണിച്ചതാണ്‌ ദുരന്തത്തിനു കാരണമായതെന്ന്‌ അവര്‍ തെളിവു നിരത്തി. ചര്‍ച്ചകളും കുറ്റാരോപണങ്ങളും കൊടുമ്പിരികൊള്ളുമ്പോള്‍ ആശ്രയമറ്റുപോയ കുറേ ജന്‍മങ്ങളുടെ വേദന ആരെങ്കിലും അറിയുന്നുണ്ടോ ആവോ… ?
സഭ ഉപേക്ഷിച്ച വൈദികന്റെ ആത്മകഥയെക്കുറിച്ച്‌ മാതൃഭൂമി പത്രത്തില്‍ റിപ്പോര്‍ട്ട്‌. കുമ്പസാര രഹസ്യങ്ങളിലെ ‘എരിവും പുളിയും’ അറിയാന്‍ ഇതാ ഈ പുസ്തകം വായിക്കൂ എന്ന്‌ പരസ്യം ചെയ്യുന്നതു പോലെയുള്ള ഈ ‘ഇക്കിളി റിപ്പോര്‍ട്ട്‌’ വായിച്ചു തീരുമ്പോള്‍ ഒരു സംശയം ബാക്കി. ഇതാണോ മാതൃഭൂമി ‘പത്രത്തോടൊപ്പം കൈമാറുന്ന’ സംസ്കാരം… ?
‘മത തീവ്രവാദികളുടെ ഭീഷണിയെത്തുടര്‍ന്ന്‌’ യൂസഫലി കേച്ചേരി ‘തിരുത്തിയെഴുതിയ’ കാവ്യം ‘മിശിഹായനം’ അടുത്ത ലക്കം ആരംഭിക്കുമെന്ന്‌ കലാകൌമുദി അറിയിക്കുന്നു. കേച്ചേരിയുടെ കൈവെട്ടുമെന്ന്‌ ഭീഷണിപ്പെടുത്തിയ ആ ‘തീവ്രവാദികളെ’ക്കുറിച്ചും കൂടി എഴുതണേ പ്ലീസ്‌…
സഭയില്‍ ഏറെ ചര്‍ച്ച ചെയ്തപ്പെട്ടതും ഭാരത നസ്രാണികളുടെ പൈതൃകവുമായ മാര്‍തോമ്മാ കുരിശ്‌ വീണ്ടുമൊരു വിവാദമാക്കാന്‍ കേരളശബ്ദം വാരിക തങ്ങളെക്കൊണ്ട്‌ ആവുന്ന വിധത്തിലൊക്കെ ശ്രമിക്കുന്നുണ്ട്‌. അമേരിക്കയിലെ ചിക്കാഗോ ഇടവകയിലുണ്ടായ തര്‍ക്കം ബ്ലോഗിലൂടെയും ലേഖനങ്ങളിലൂടെയും മറുപടി കത്തുകളിലൂടെയും ഉഷാറാക്കാന്‍ ശ്രമിക്കുന്നവരുടെ സഭാ വിജ്ഞാനവും ചരിത്രബോധവും കാണുമ്പോള്‍ ‘അഞ്ജനമെന്നാലെനിക്കറിയാം മഞ്ഞളുപോലെ വെളുത്തിരിക്കും…’ എന്നു പറഞ്ഞ മഹാന്‍ എത്രയോ ഭേദം എന്നു തോന്നിപ്പോകും.
ഇടറി വീണ ഇടയരുടെ ആത്മകഥകളിലൂടെയും ‘കുരിശ്‌’ യുദ്ധങ്ങളിലൂടെയും സഭയില്‍ ഭിന്നത വിതയ്ക്കാനുള്ള ചില രാഷ്ട്രീയ-മാധ്യമ ശക്തികളുടെ ശ്രമത്തെ നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഉണര്‍ന്നിരിക്കുക, ജാഗ്രത പാലിക്കുക…