മാധ്യമ രംഗം തികച്ചും ഒരു വ്യവസായം മാത്രമാണെന്നും, മത്സരക്ഷമത ഇല്ലാത്തവര്‍ക്ക് ഈ മേഖലയില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കുകയില്ല എന്നും ഇന്ന് ഏവര്‍ക്കും അറിവുള്ള കാര്യമാണല്ലോ. അതുകൊണ്ടു തന്നെ സമൂഹത്തിന് ‘പ്രയോജനകരമായ‘ കാര്യങ്ങള്‍ അല്ല അവര്‍ക്ക് ‘ആവശ്യമുള്ള കാര്യങ്ങളാണ്‘ നല്‍കേണ്ടത് എന്നതാണ് പത്ര ചാനല്‍ ഉടമകളുടെ പോളിസി. വാര്‍ത്തകളെ വിനോദമാക്കാനും വിനോദത്തെ വാര്‍ത്തയാക്കാനും മാധ്യമങ്ങള്‍ ശ്രമിക്കുന്നത് അതിനാലാണ്. രാഷ്ട്രീയം മുതല്‍ കൊലപാതകവും ആത്മഹത്യയും വരെ വിനോദം നല്‍കുന്ന രീതിയില്‍ ചിത്രീകരിക്കപ്പെടുമ്പോള്‍. സിനിമയും ക്രിക്കറ്റും, താരങ്ങളുടെ വീട്ടു വിശേഷങ്ങളും വാര്‍ത്തയാകുകയും ചെയ്യുന്നു. ‘ആസ്വാദ്യകരമായ വാര്‍ത്തകള്‍’ ഇല്ലാത്തപ്പോള്‍ ആസ്വാദകര്‍ക്ക് ആസ്വാദനം നല്‍കുന്നതിനായി പലപ്പോളും വിവാദങ്ങള്‍ സൃഷ്ടിക്കുവാന്‍ മിക്ക മാധ്യമങ്ങളും ശ്രമിക്കുന്നു. ‘ശവമുള്ളിടത്ത് വന്നു കൂടുന്ന കഴുകന്മാര്‍‘ മാധ്യമങ്ങളെയും മാധ്യമങ്ങള്‍ തിരിച്ചും ഉപയോഗിക്കുമ്പോള്‍ ഇരുകൂട്ടര്‍ക്കും നേട്ടമുണ്ടാകുമെങ്കിലും പൊതു സമൂഹത്തിനു മുന്നില്‍ സത്യം തമസ്കരിക്കപ്പെടുന്നു.
അതിനൊരു ഉദാഹരണമാണ് ശ്രേയ എന്ന കുട്ടിയുടെ മരണത്തെ ‘അസ്വാഭാവികം’ ആക്കുന്നതിനായി ചില കേന്ദ്രങ്ങള്‍ നടത്തുന്ന കൊണ്ടു പിടിച്ച ശ്രമങ്ങള്‍. മരിച്ചതൊരു പെണ്‍കുട്ടി ആയതിനാലും സംഭവം നടന്നത് സണ്‍ഡേ സ്കൂള്‍ ക്യാമ്പിനിടയില്‍ ക്രൈസ്തവ ധ്യാന കേന്ദ്രത്തിലായതിനാലും കിംവദന്തികള്‍ ‘സൃഷ്ടിച്ചും പരത്തിയും‘ ‘ആഘോഷിക്കുകയാണ്’ മാധ്യമങ്ങള്‍. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികമായി യാതൊന്നും കണ്ടെത്താനായിട്ടില്ലെങ്കിലും മാധ്യമങ്ങളുടെ ‘അന്വേഷണ’ റിപ്പോര്‍ട്ടുകള്‍ പലരീതിയില്‍ പുറത്തു വരുന്നുണ്ട്. മറ്റൊരു ‘അഭയ കേസ്’ ആയി ഇതിനെ മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ട് എന്നു നിസംശയം പറയാന്‍ സാധിക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. ‘ജോയിന്റ് ക്രിസ്ത്യന്‍ കൌണ്‍സില്‍’ എന്ന കടലാസ് സംഘടനയുടെ പ്രസ്താവന മിക്ക പത്രങ്ങളും പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചതു തന്നെ അതിനുള്ള തെളിവ്. ‘ശ്രേയയുടെ മരണത്തിന് ഉത്തരവാദികളായ വൈദികരെ അറസ്റ്റ് ചെയ്യണം - ജോയിന്റ് ക്രിസ്ത്യന്‍ കൌണ്‍സില്‍’ എന്ന തലക്കെട്ടിനടിയില്‍ പ്രസ്താവനയെക്കാള്‍ കൂടുതല്‍ ഭാരവാഹികളുടെ പേരുകള്‍ കുത്തി നിറച്ചിരിക്കുകയായിരുന്നു. ദോഷം പറയരുതല്ലോ പ്രസ്തുത സംഘടനയ്ക്ക് സംസ്ഥാനത്തുള്ള എല്ലാ അംഗങ്ങളുടെയും പേരു വിവരമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്തായാലും അന്വേഷണം ഏറ്റെടുത്തിരിക്കുന്ന ക്രൈം ബ്രാഞ്ച് അധികം ബുദ്ധിമുട്ടണം എന്നു തോന്നുന്നില്ല. ‘സി.ഐ.ഡി പുല്ലൂടനും‘ കൂട്ടരും ‘പ്രതികളെ‘ കണ്ടെത്തി കഴിഞ്ഞല്ലോ. അവരുടെ പക്കല്‍ നിന്ന് തെളിവുകള്‍ ശേഖരിക്കുക കുറ്റപത്രം തയ്യാറാക്കുക എന്നിങ്ങനെ ചില ‘ക്ലറിക്കല്‍ വര്‍ക്കുകള്‍’ മാത്രം ക്രൈം ബ്രാഞ്ച് ചെയ്താല്‍ മതിയാവും.
കാരണവര്‍ വധക്കേസിന്റെ ‘ഒന്നാം വാര്‍ഷികം‘ മാധ്യമങ്ങള്‍ ആഘോഷിച്ചത് വാര്‍ത്തകളെ ആസ്വാദ്യകരമാക്കി വിളമ്പാനുള്ള പ്രവണതയെ തുറന്നു കാണിക്കുന്നു. ഒരു വര്‍ഷം തികയുമ്പോള്‍ കാരണവര്‍ വധത്തിന്റെ നാള്‍ വഴികള്‍ വായനക്കാരിലെത്തിക്കാന്‍ പത്രങ്ങളും പ്രേക്ഷകരിലെത്തിക്കാന്‍ ചാനലുകളും മറന്നില്ല. ഒരു ക്രൈം ത്രില്ലര്‍ സിനിമ പോലെയോ, നോവല്‍ പോലെയോ ഉള്ള റിപ്പോര്‍ട്ടിംഗ് ആയിരുന്നു മിക്കവരും കാഴ്ചവെച്ചത്. ഈ പത്ര പ്രവര്‍ത്തന ശൈലിയെ നാം എന്തു പേരിട്ടാണാവോ വിളിക്കേണ്ടത് ? ‘ക്രൈം ജേര്‍ണലിസം‘ എന്നോ ‘ക്രിമിനല്‍ ജേര്‍ണലിസം’ എന്നോ ?
വ്യവസായോല്പന്നത്തിനു വിപണി മൂല്യം കണ്ടെത്താനുള്ള ശ്രമങ്ങളായി ഇത്തരം പ്രവണതകളെ പലതിനെയും വ്യാഖ്യാനിക്കാമെങ്കിലും ചിലര്‍ ചില വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതിന് വ്യക്തമായ സാമൂഹിക സാംസ്കാരിക ലക്ഷ്യങ്ങളുണ്ട്. അതാണ് ഏറ്റവും അപകടകരവും. അതിനുദാഹരണമാണ് മേരി റോയിയുടെ സ്വത്ത് തര്‍ക്ക കേസ് ‘മാധ്യമം’ ദിനപത്രവും ആഴ്ചപതിപ്പും കൈകാര്യം ചെയ്ത രീതി. ക്രൈസ്തവ പിന്തുടര്‍ച്ചാ നിയമത്തില്‍ മാറ്റം വരുത്തിയ വിധിക്കു കാരണമായി എന്ന നിലയില്‍ മുന്‍പ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ് പ്രസ്തുത കേസ്. കോട്ടയത്ത് ഉള്ള സ്ഥലം സഹോദരനില്‍നിന്ന് വാങ്ങി മേരി റോയിക്ക് നല്‍കാനുള്ള നിര്‍ദേശം കോടതിയില്‍ നിന്നു വന്നതോടെയാണ് അവര്‍ വീണ്ടും ‘നവോത്ഥാന നായിക’ ആയത്. മാധ്യമം ആഴ്ചപതിപ്പ് ഈ വിഷയത്തില്‍ ഒരു ലേഖനവും മേരിയുമായുള്ള അഭിമുഖവും പ്രസിദ്ധീകരിച്ചു. പിന്തുടര്‍ച്ചാവകാശ നിയമം വന്നെങ്കിലും കേരളത്തിലെ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ആരും പിതൃ സ്വത്തിന്മേല്‍ അവകാശം ഉന്നയിച്ച് കലഹം സൃഷ്ടിച്ചില്ലല്ലോ എന്നോര്‍ത്ത് മാധ്യമം സങ്കടപ്പെടുന്നു. സ്വത്ത് എങ്ങനെ ഭാഗം വെക്കണമെന്ന് അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കാതിരുന്നതിനു സഭയേയും പഴിക്കുന്നു. ജോലിക്കാരായ പെണ്‍കുട്ടികളെ വിവാഹം കഴിച്ച് അയക്കാതെ അവരുടെ സമ്പാദ്യം ഉപയോഗിച്ച് പല ക്രൈസ്തവ കുടുംബങ്ങളും സമ്പന്നരായെന്നും കെട്ടിച്ചയക്കാന്‍ കാശില്ലാത്തതിനാലാണ് പല വീടുകളിലും പെണ്‍കുട്ടികള്‍ക്ക് ദൈവവിളി ഉണ്ടായതെന്നും ഒക്കെയുള്ള കണ്ടുപിടുത്തങ്ങളും ‘മാധ്യമം’ നടത്തുന്നുണ്ട്. വിദേശത്ത് ജോലി ചെയ്യുന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ‘സത്യങ്ങള്‍ തിരിച്ചറിഞ്ഞ്’ ഇപ്പോള്‍ ഭര്‍ത്താക്കന്മാരെ സ്വയം തെരഞ്ഞെടുക്കാന്‍ തുടങ്ങിയിട്ടുണ്ട് എന്നതില്‍ മാധ്യമം ആശ്വസിക്കുന്നു.
പെണ്‍പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കുകയും, പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയും എല്ലാ മേഖലകളിലും സ്ത്രീകള്‍ക്ക് പുരുഷന്മാരോടൊപ്പം പ്രാധാന്യം നല്‍കുകയും ചെയ്ത ഒരു സമുദായത്തെ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമം ‘ജമാ അത്തെ ഇസ്ലാമിയുടെ’ മാധ്യമം നാളുകളായി തുടര്‍ന്നു വരുന്നതാണ്. സ്വന്തം സമുദായത്തില്‍ സ്ത്രീകളെ എങ്ങനെയാണു പരിഗണിക്കുന്നത് എന്ന് ആത്മശോധന നടത്താനുള്ള ആര്‍ജവം കാണിച്ചിട്ടു പോരേ മറ്റു സമുദായങ്ങളെ പുനരുദ്ധരിക്കാന്‍ ഇറങ്ങുന്നത് ? പുരുഷന്മാരും സ്ത്രീകളും ഒരുമിച്ച് ഒരു മോസ്കില്‍ നിസ്കരിക്കുന്ന കാലം സ്ഥാപിതമാക്കിയിട്ടു പോരേ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ക്കു വേണ്ടി വാദിക്കാന്‍ ഇറങ്ങുന്നത് ?
ചരിത്രത്തെ ‘തിരുത്തി എഴുതാന്‍’ ഉള്ള ഇത്തരം ശ്രമങ്ങള്‍ വരുത്തി വെക്കുന്ന അപകടങ്ങളെ പറ്റി നാം ഇനിയും ബോധവാന്മാരായിട്ടില്ല എന്നത് ദു:ഖകരം തന്നെയാണ്. ആയിരക്കണക്കിന് പ്രസിദ്ധീകരണങ്ങളും പ്രസ്ഥാനങ്ങളുമുള്ള നമുക്ക് എന്നാണ് ഒരു സാംസ്കാരിക വാരിക ഉണ്ടാവുക?
ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെയും സി.പി.ഐ. എം ന്റെയും അടിത്തറ ഇളക്കിക്കൊണ്ട് ജനങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയികളായി. ഏതെങ്കിലും പ്രത്യേക സമുദായത്തിന്റേതല്ല ജനങ്ങളുടെയും ജനാധിപത്യത്തിന്റെയും വിജയമാണ് കണ്ടതെന്ന് നിഷ്പക്ഷമതികളായ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയപ്പോള്‍, മതം രാഷ്ട്രീയത്തില്‍ ഇടപെട്ടതിന്റെ ദുരന്തമാണെന്ന് ഇടതു ബുദ്ധി ജീവികളും നിരീക്ഷിച്ചു. തോറ്റെങ്കിലും വോട്ടു കുറഞ്ഞിട്ടില്ല എന്നു കണക്കിലെ കളി കളിച്ച് പാര്‍ട്ടി സെക്രട്ടറി അപഹാസ്യനായി. ഇതിനിടയില്‍ കെ.സി.ബി.സി വക്താവ് സ്റ്റീഫന്‍ ആലത്തറയുടെ വാക്കുകള്‍ വളച്ചൊടിച്ച് ഒരു വിവാദവ്യവസായത്തിനു വിത്തു പാകാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിച്ചെങ്കിലും അത്ര വിജയിക്കാതെ പോയി. വിവാദങ്ങളും കിംവദന്തികളും ഉപയോഗിച്ച് സഭാ സമൂഹത്തിന്റെ കെട്ടുറപ്പിനെ തകര്‍ത്ത് അതിനെ കീഴ്പ്പെടുത്താനുള്ള ശ്രമങ്ങള്‍ മുന്‍പ് എന്നത്തേതിനെയുംകാള്‍ വര്‍ദ്ധിച്ചു വരികയാണ്. പ്രാവുകളെപ്പോലെ നിഷ്കളങ്കരായിരിക്കുമ്പോളും സര്‍പ്പത്തെപ്പോലെ വിവേകമതികളുമാവുക. തിരിച്ചറിയുക, ജാഗ്രത പാലിക്കുക, പ്രതികരിക്കുക.
No comments:
Post a Comment