Sunday, November 14, 2010

ചില ആവിഷ്കാര ചിന്തകള്‍

ആവിഷ്കാര സ്വാതന്ത്ര്യവും ആശയ വിനിമയ സ്വാതന്ത്ര്യവും മനുഷ്യന്റെ സ്വതന്ത്രചിന്തയെ അംഗീകരിക്കുന്ന ഏതൊരു സമൂഹത്തിലും നിലവിലുണ്ട്. ജനാധിപത്യ വ്യവസ്ഥിതിയില്‍ മാധ്യമങ്ങളോടൊപ്പം സാധാരണ പൌരനും ഈ സ്വാതന്ത്ര്യത്തിന് അവകാശമുണ്ട്. നിനക്ക് വടി കറക്കാന്‍ സ്വാതന്ത്ര്യമുണ്ട് പക്ഷേ എന്റെ മൂക്കിന്‍ തുമ്പത്ത് ആ സ്വാതന്ത്ര്യം അവസാനിക്കുന്നു എന്ന ചൊല്ലില്‍ സ്വാതന്ത്ര്യത്തിന്റെ പൊരുള്‍ ഉണ്ട്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തിലും മാധ്യമങ്ങളും വ്യക്തികളുമൊക്കെ ഈ പൊരുള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടതുണ്ട്. അങ്ങനെ പ്രവര്‍ത്തിക്കുന്നതാണ് വിവേകത്തിന്റെ ലക്ഷണവും. എന്നാല്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സംഘടനകള്‍ക്കും അവയിലെ പ്രവര്‍ത്തകര്‍ക്കും ഈ വിവേകം പലപ്പോളും ഉണ്ടാകാറില്ല. വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്ന നിഷേധികള്‍ ആകുവാന്‍ അവര്‍ കച്ച കെട്ടിയിറങ്ങുമ്പോള്‍ സമൂഹത്തിന്റെ സ്വൈര്യ ജീവിതത്തെ തന്നെ അതു ബാധിക്കുന്നു. പല പ്രശ്നങ്ങളും സംഘര്‍ഷത്തിലേക്ക് എത്തിപ്പെടാതെ പോകുന്നത് വിവേകമതികളുടെ സഹിഷ്ണുത മൂലമാണുതാനും.

പ്രശസ്തിയിലേക്കുയരുവാന്‍ വേറിട്ട ശബ്ദം കേള്‍പ്പിക്കണമല്ലോ അതിന് ഏറ്റവും എളുപ്പമുള്ള മാര്‍ഗം ക്രൈസ്തവ സഭയേയോ, പുരോഹിതരെയോ, ക്രിസ്തുവിനെ തന്നെയോ വിമര്‍ശിക്കുകയും താറടിച്ചു കാണിക്കുകയും ചെയ്യുക എന്നതാണ്. മറ്റു സംഘടിത സമൂഹങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നത് ആരോഗ്യത്തിനു ഹാനികരമാണെന്നതിനാല്‍ സമാധാനപ്രേമികളായ ക്രൈസ്തവ സമൂഹത്തെ തന്നെ ചവിട്ടി കയറാനുള്ള ഏണിയായി ഉപയോഗപ്പെടുത്തുന്നതാണ് സുരക്ഷിതം. ഇങ്ങനെ വിജയകരമായി ബുദ്ധിജീവി പദത്തിലെത്തിച്ചേര്‍ന്നവര്‍ ഒരുപാടുണ്ട് കേരളത്തില്‍. ശവംതീനി ഉറുമ്പുകള്‍ സഭാ ഗാത്രത്തില്‍ ആറാം തിരുമുറിവ് സൃഷ്ടിക്കുവാന്‍ തുനിഞ്ഞിറങ്ങിയ കാലം ഒരുപാട് പുറകിലൊന്നുമല്ലല്ലോ. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ക്രൈസ്തവ വിരുദ്ധമായ എന്തിനേയും ആഘോഷമാക്കുവാന്‍ എന്നും മുന്നില്‍ ഈ പുരോഗമന പ്രസ്ഥാനങ്ങള്‍ ആയിരുന്നു. അപ്പോള്‍ സ്വാഭാവികമായും ഈ പുരോഗമനക്കാര്‍ തങ്ങള്‍ക്കു നേരെ ഉണ്ടാകുന്ന വിമര്‍ശനങ്ങളെയും ഈ സ്വാതന്ത്ര്യത്തിന്റെ ദൃഷ്ടിയില്‍ കാണേണ്ടതല്ലേ? അതല്ലേ മാന്യത. പക്ഷേ സമീപകാലത്തെ ചില സംഭവങ്ങള്‍ തെളിയിക്കുന്നത് അങ്ങനെയൊരു മാന്യത ഇക്കൂട്ടര്‍ക്കില്ല എന്നതാണ്.

കേരളത്തിലെ സൈബര്‍ കുറ്റാന്വേഷണ വിഭാഗം കൈകാര്യം ചെയ്ത കേസുകളെക്കുറിച്ച് മിക്ക പത്രങ്ങളും ഒരു ചെറുവാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. പിണറായി വിജയന്റെ വീട് എന്ന പേരില്‍ ഒരു ആഡംബര വസതിയുടെ ചിത്രം ഇ-മെയിലിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുത്ത സംഭവം സൈബര്‍ സെല്ലിന്റെ നേട്ടങ്ങളില്‍പ്പെടുത്തി പ്രതിപാദിക്കുന്നുണ്ട് ഈ വാര്‍ത്തയില്‍. ആരോഗ്യമന്ത്രി ശ്രീമതി ഡോക്ടര്‍മാരുടെ സമ്മേളനത്തില്‍ നടത്തിയ ഇംഗ്ലീഷ് പ്രസംഗം വീഡിയോ ഷെയറിംഗ് പോര്‍ട്ടല്‍ ആയ യുട്യൂബില്‍ കൊടുത്ത ആളിനെ അന്വേഷിച്ചുവെങ്കിലും ചൈനയില്‍ നിന്നാണ് പ്രസ്തുത വീഡിയോ, സൈറ്റില്‍ കൊടുത്തിരിക്കുന്നതെന്നാണ് കണ്ടെത്തുവാന്‍ സാധിച്ചത്. ചില സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് യഥാര്‍ഥ ഉറവിടസ്ഥാനം മറച്ചുവെച്ച് കേരളത്തില്‍നിന്നു തന്നെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ആര്‍ക്കും സംശയമില്ല. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം വന്നു കഴിഞ്ഞപ്പോള്‍ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയ്ക്കു പിന്നിലെ കാരണങ്ങള്‍, മനുഷ്യനു മനസ്സിലാകാത്ത പ്രത്യയശാസ്ത്ര ഭാഷ ഉപയോഗിച്ച് പാര്‍ട്ടി സെക്രട്ടറി വിശദീകരിക്കുന്നു എന്ന രീതിയില്‍ നര്‍മം ചാലിച്ച ഒരു ഇ-മെയില്‍ പ്രചരിച്ചിരുന്നു. പ്രസ്തുത ഇ-മെയില്‍ കൈമാറ്റം ചെയ്ത ചിലരെ അറസ്റ്റ് ചെയ്തുവെങ്കിലും യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തുവാന്‍ സാധിച്ചിട്ടില്ല. ഇന്റര്‍നെറ്റും ഇ-മെയിലുമൊക്കെ ഇന്ന് കാലദേശപ്രായഭേദമെന്യേ സര്‍വസാധാരണമായിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം നടപടികള്‍ സാധാരണ പൌരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള നഗ്നമായ കടന്നു കയറ്റമാണെന്നതില്‍ സംശയമില്ല. അമേരിക്കയുടെ യുദ്ധരഹസ്യങ്ങള്‍വരെ ഇന്റര്‍നെറ്റിലൂടെ പരസ്യമാക്കപ്പെടുന്ന കാലഘട്ടത്തില്‍ പുരോഗമനവാദികള്‍ ആരെയാണ് ഭയക്കുന്നത്? അടുത്തനാളില്‍ പാര്‍ലമെന്റ് പാസാക്കിയ സൈബര്‍ നിയമത്തില്‍ വ്യക്തിസ്വാതന്ത്ര്യത്തെ പോലും ഹനിക്കുന്ന അനേകം വശങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞ് വേണ്ടമാറ്റങ്ങള്‍ ചര്‍ച്ചയാക്കുവാന്‍ പോലും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് സാധിക്കാതെ പോയത് അജ്ഞത മൂലമോ അതോ...

കൌമുദി ആഴ്ചപ്പതിപ്പില്‍ യൂസഫലി കേച്ചേരി എഴുതുന്ന സമീക്ഷാകാവ്യം മിശിഹായനം പ്രസിദ്ധീകരണം തുടര്‍ന്നു കൊണ്ടിരിക്കുന്നു. ആര്‍ക്കുവേണ്ടിയോ പടച്ചുവിട്ട പ്രസ്തുത സാധനത്തിന് കാര്യമായ സാഹിത്യഗുണം ഒന്നും അവകാശപ്പെടാനില്ല. അതുകൊണ്ടുതന്നെയാവണം അതൊരു വിവാദമാക്കുവാന്‍ കൌമുദി കിണഞ്ഞു ശ്രമിച്ചതും. എന്തായാലും മിശിഹാചരിതത്തിന്റെ ഇസ്ലാമിക വീക്ഷണം പ്രതിപാദിക്കുന്ന ഈ മഹാകാവ്യത്തിന്റെ പേരില്‍ കേച്ചേരിയുടെ കൈ ഒരു തീവ്രവാദിയും വെട്ടിയിട്ടില്ല, ആശ്വാസം... മിശിഹായനത്തെ അഭിനന്ദിച്ചു കൊണ്ട് ഒരു വായനക്കാരന്റെ കത്ത് കൌമുദി പ്രസിദ്ധീകരിക്കുകയുണ്ടായി. മഗ്ദലന മറിയത്തെ പാപിനിയായി ചിത്രീകരിക്കുന്നു എന്നു പറഞ്ഞ് കത്തോലിക്കാ സഭയെ വിമര്‍ശിക്കുന്നതാണ് ആ കത്ത്. വള്ളത്തോളിന്റെ മഗ്ദലന മറിയം എന്ന കാവ്യം ഉളവാക്കിയ തെറ്റിദ്ധാരണ പലരിലും നിലനില്‍ക്കുന്നു എന്നതാണ് അതിനു കാ‍രണം. ഇവളില്‍ നിന്നാണ് അവന്‍ ഏഴു പിശാചുക്കളെ പുറത്താക്കിയത് എന്ന് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നത് മഗ്ദലനക്കാരി മറിയത്തെക്കുറിച്ചാണ് എന്നത് മറ്റാരെക്കാളും നന്നായി സഭയ്ക്ക് ബോധ്യമുണ്ട്. ക്രിസ്തുശിഷ്യയായ മറിയത്തെ സെന്റ് മേരി മഗ്ദലൈന്‍ എന്ന പേരില്‍ വിശുദ്ധയായി കത്തോലിക്കാ സഭ ആദരിക്കുന്നുമുണ്ട്. വള്ളത്തോള്‍ രചിച്ചത് കത്തോലിക്കാ സഭയുടെ വിശ്വാസപ്രമാണം അല്ലാ എന്നെങ്കിലും അജ്ഞത ഒരു അലങ്കാരമായി കൊണ്ടു നടക്കുന്നവര്‍ മനസ്സിലാക്കുക.

വിമോചനത്തിന്റെ പെണ്‍ദൂരങ്ങള്‍ എന്ന പേരില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ആനന്ദ് എഴുതിയ ലേഖനം ശ്രദ്ധേയമായി. ഭാരതത്തിലെ സ്ത്രീസംരക്ഷണ നിയമങ്ങളുടെ ചരിത്രത്തെ സത്യസന്ധമായി സമീപിക്കാന്‍ ഈ ലേഖനത്തിനു കഴിഞ്ഞു. ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ നിലവില്‍ വന്ന സതി നിരോധനം, അടിമത്ത നിരോധനം, പെണ്‍ശിശുഹത്യാ നിരോധനം, വിധവാ വിവാഹ നിയമം എന്നിവയെക്കുറിച്ചും; മിഷനറിമാര്‍ ഭാരതത്തെ ക്രൈസ്തവവത്കരിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഇവയൊക്കെയെന്ന് ആരോപിച്ച് മതവികാരം പടര്‍ത്തി എതിര്‍പ്പുകള്‍ ഉയര്‍ത്തിയ അന്നത്തെ സമൂഹത്തെക്കുറിച്ചും പ്രസ്തുത ലേഖനം പ്രതിപാദിക്കുന്നു. 1978-85 കാലഘട്ടത്തില്‍ ഉണ്ടായ ഷാബാനു കേസില്‍ ജമാ അത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള സംഘടനകള്‍ എങ്ങനെ പ്രവര്‍ത്തിച്ചുവെന്നും കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി സുപ്രീം കോടതി വിധിയെ എങ്ങനെ അട്ടിമറിച്ചുവെന്നും ആനന്ദ് ഈ ലേഖനത്തില്‍ വ്യക്തമാക്കുന്നു. ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശത്തിന്റെ പേരില്‍ മേരി റോയിയെ പുകഴ്ത്തുന്ന ജമാ അത്തിന്റെ മാധ്യമം ഷാബാനു കേസിന്റെ വെളിച്ചത്തില്‍ ഒരു ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും.

കത്തോലിക്കാ വിരുദ്ധരായ ആര്‍ക്കും എന്തുവേണമെങ്കിലും എഴുതാന്‍ താളുകള്‍ ഒരുക്കി കാത്തിരിക്കുന്ന പ്രസിദ്ധീകരണമാണ് സമകാലീന മലയാളം വാരിക. സ്ഥിരബുദ്ധിയുള്ളവര്‍ക്ക് ചിരിക്കാന്‍ വകനല്‍കുന്ന കുറേ ആരോപണങ്ങള്‍ സഭയ്ക്കെതിരേ നിരത്തി ലോനപ്പന്‍ നമ്പാടന്‍ നവംബര്‍ പന്ത്രണ്ടാം ലക്കം മലയാളത്തെ ധന്യമാക്കിയിരിക്കുന്നു. വിവരക്കേടുകള്‍ കൊണ്ട് സമൃദ്ധമാണ് ലോനപ്പന്റെ മാനിഫെസ്റ്റോ.

ലോകം കണ്ട ഏറ്റവും വലിയ മാര്‍ക്സിസ്റ്റ് ക്രിസ്തുവാണ് എന്നു ദൈവദൂഷണം പറയുന്ന നമ്പാടന്‍ കമ്മ്യൂണിസ്റ്റുകാരില്‍ 95% മതവിശ്വാസികള്‍ ആണെന്നും സമ്പത്തും ഭരണസ്വാധീനവും ഉപയോഗിച്ച് സാധാരണക്കാരെ സഭ ദ്രോഹിക്കുകയാണെന്നും പറഞ്ഞുവയ്ക്കുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിശ്വാസത്തിനോ മതത്തിനോ എതിരായ നിലപാട് സ്വീകരിച്ചിട്ടില്ലായെന്നും താന്‍ വിശ്വാസിയായ മാര്‍ക്സിസ്റ്റ് ആണ് എന്നും അവകാശപ്പെടുന്ന നമ്പാടന് വിശ്വാസത്തെപ്പറ്റിയും മാര്‍ക്സിസത്തെപ്പറ്റിയും അറിയില്ലായെന്ന് വ്യക്തം. കാലുമാറ്റക്കാരന്‍ അല്ല ആദര്‍ശവാദിയാണ് താന്‍ എന്ന് നമ്പാടന്‍ സ്വയം ആശ്വസിക്കുന്നുമുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളരുകയും കത്തോലിക്കാ സഭ ക്ഷയിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണെന്നും 2000 കൊല്ലം പഴക്കമുള്ള ക്രിസ്തുമതത്തെക്കാള്‍ കൂടുതല്‍ അനുയായികള്‍ 75 വര്‍ഷം മാത്രം പഴക്കമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഉണ്ടെന്നും നമ്പാടന്‍ പറയുമ്പോള്‍ പറയുന്ന നമ്പാടനാണോ വായിക്കുന്ന നമുക്കാണോ എന്തോ ഒരു കുഴപ്പം എന്ന് സംശയം വരുന്നത് സ്വാഭാവികം. ക്രിസ്ത്യന്‍ ബ്രദേഷ്സ്, ബിഷപ്പ്, കാര്‍ഡിനല്‍ തുടങ്ങിയ വിദേശ മദ്യങ്ങള്‍ നിര്‍മിക്കുന്നത് ചില ക്രൈസ്തവ സഭാ വിഭാഗങ്ങളാണെന്നും ഇവയുടെ പേരുമാറ്റാന്‍ സഭാനേതൃത്വം തയ്യാറാകണം എന്നും കൂടി ലോനപ്പന്‍ തന്റെ മാനിഫെസ്റ്റോയില്‍ ആവശ്യപ്പെടുമ്പോള്‍ നാം ഞെട്ടി പോകും. നവംബര്‍ 13ന് എഴുപത്താറാം ജന്മദിനം ആഘോഷിച്ച ലോനപ്പന്‍ നമ്പാടന്‍ താന്‍ അനാരോഗ്യം മൂലമാണ് ഇപ്പോള്‍ രാഷ്ട്രീയത്തില്‍ സജീവമല്ലാത്തത് എന്നു പറയുന്നുണ്ട്. എന്തായാലും അവിഭക്ത തൃശൂര്‍ രൂപതയിലെ പാസ്റ്ററല്‍ കൌണ്‍സില്‍ അംഗവും, എ.കെ.സി.സി തൃശൂര്‍ രൂപതാ പ്രസിഡന്റുമൊക്കെയായിരുന്ന ലോനപ്പന്‍ നമ്പാടന്‍ പാസ്റ്ററല്‍ കൌണ്‍സിലിലല്ല പോളിറ്റ് ബ്യൂറോയിലായിരുന്നു എത്തേണ്ടിയിരുന്നതെന്ന് ആരും സമ്മതിക്കും ഈ മാനിഫെസ്റ്റോ വായിച്ചു കഴിയുമ്പോള്‍.

ആവിഷ്കാര സ്വാതന്ത്യം എന്തും പറയാനുള്ള ലൈസന്‍സ് ആകുന്നത് പ്രബുദ്ധമായ ഒരു സമൂഹത്തിനു ചേര്‍ന്നതല്ല എന്ന് മനസ്സിലാക്കിയിരിക്കുന്നതു നന്ന്.

No comments:

Post a Comment