Friday, October 1, 2010

മുഹമ്മദ് കമ്മിറ്റിയുടെ മതിലു ചാട്ടം

തമ്പ്രാന്‍ വേലി ചാടാന്‍ പറയുമ്പോള്‍ മതിലുതന്നെ ചാടിക്കടന്ന് പ്രീതി സമ്പാദിക്കാന്‍ ശ്രമിക്കുന്ന അടിയാന്റെ കഥ പറഞ്ഞും കേട്ടും പഴകിയതാണല്ലോ. എങ്കിലും അടുത്തിടെ ഈ കഥ വീണ്ടും ഓര്‍മയിലെത്തി. പക്ഷേ ഈ പുതിയ കഥയില്‍ തമ്പ്രാന്റെ സ്ഥാനത്ത് എം.എ. ബേബിയും, അടിയാന്റെ സ്ഥാനത്ത് ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റിയും ആണെന്നു മാത്രം. തമ്പ്രാന്റെ പരിവാരങ്ങളുടെ സ്ഥാനത്ത് കുട്ടി സഖാക്കളുമുണ്ട് കെട്ടോ. സര്‍ക്കാരുമായി കരാറൊപ്പിട്ട സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ വിദ്യാര്‍ത്ഥിപ്രവേശനം സുപ്രീം കോടതി റദ്ദാക്കിയതോടെയാണ് ഈ പുതിയ തെരുവുനാടകത്തിന്റെ കേളികൊട്ട് ഉയര്‍ന്നത്. നല്ലൊരു കച്ചവടം നഷ്ടപ്പെട്ടവന്റെ എല്ലാ വ്യഥകളും, ക്രോധവും ശരീര ഭാഷയില്‍ പ്രകടിപ്പിച്ചു കൊണ്ട് എം.ഇ.എസിന്റെ സ്വന്തം ഫസല്‍ ഗഫൂര്‍ സഭയ്ക്കെതിരേ ചാനലുകള്‍ കയറിയിറങ്ങി പുലയാട്ട് നടത്തി. നാടകത്തിന്റെ ആവേശകരമായ തുടക്കം. പാര്‍ട്ടി വക്താക്കളും മെഡിക്കല്‍ വിദ്യാഭ്യാസ കച്ചവടത്തിന്റെ ഏജന്റുമാരും തകര്‍പ്പന്‍ ഡയലോഗുകളുമായി എത്തിയതോടെ രംഗം കൊഴുത്തു. ‘സാമൂഹ്യ നീതിക്കു വേണ്ടി പടവെട്ടുന്ന‘ ഇവരുടെയൊക്കെ ശത്രു സഭയും പിന്നെ കോടതിയും. ബേബി തമ്പ്രാന്റെ സ്വന്തം മേല്‍നോട്ടക്കാരായ മുഹമ്മദ് കമ്മിറ്റിയെ കോടതി കുറ്റപ്പെടുത്തിയതോടെ തമ്പ്രാനും നാണക്കേടായി. ‘ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റി കുറച്ചു കൂടി ഉത്തരവാദിത്തം കാണിക്കണം’ എന്ന തമ്പ്രാന്റെ അരുളപ്പാട് ക്ലൈമാക്സിലേക്ക് ഒരു കൈ ചൂണ്ടിയായി. ഉടന്‍‌തന്നെ ‘കോറസ് ‘ ആയി കുട്ടി സഖാക്കളും രംഗത്തെത്തി. ‘കത്തോലിക്കാ മാനേജ്മെന്റിനു കീഴിലുള്ള സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനവും മുഹമ്മദ് കമ്മിറ്റി പരിശോധിക്കണം’. ‘പരാതിയില്ലെങ്കില്‍ എസ്.എഫ്.ഐ പരാതി നല്‍കും’ കുട്ടി നേതാക്കള്‍ തെരുവില്‍ ആടിപ്പാടി. അടിയാനു വേലി ചാടാനുള്ള സിഗ്നല്‍. കാറും സിറ്റിംഗ് ഫീസും ഒക്കെയായി വാരിക്കോരി തരുന്ന തമ്പ്രാനല്ലേ.., വേലി ചാടാന്‍ പറഞ്ഞാല്‍ മതിലുതന്നെ ചാടണം. കത്തോലിക്ക മാനേജ്മെന്റുകളുടെ നടപടികളില്‍ വ്യക്തതയില്ലെന്ന് പത്രക്കാര്‍ക്കും ചാനലുകാര്‍ക്കും ‘വാറോല’ എത്തിച്ച് കമ്മിറ്റി തമ്പ്രാനോടുള്ള കടപ്പാട് കാണിച്ചു. നടക്കട്ടെ കത്തോലിക്കാ മാനേജ്മെന്റുകളും കേസും കൂട്ടവുമായി. കേസ് നടത്തി നടത്തി ഉള്ള കാശൊക്കെ തീര്‍ന്ന് കത്തോലിക്കര്‍ കുത്തുപാള എടുക്കട്ടെ. കേസു നമ്മള്‍ തോക്കും എന്ന് ഉറപ്പാണ് എന്നാലും നമുക്ക് പേടിക്കാനൊന്നുമില്ലല്ലോ, സാധാരണക്കാരന്റെ നികുതിപ്പണം ഖജനാവില്‍ ഇഷ്ടം പോലെയുണ്ട്, ഇനി അതു തീര്‍ന്നാല്‍ ലോക ബാങ്കില്‍ നിന്ന് വായ്പയെടുത്തും കേസു നടത്താം. എന്തായാലും അടിയനു സമാധാനമായി, ഉണ്ട ചോറിനു നന്ദി കാണിക്കുന്ന കൂട്ടത്തിലാണെന്നു തമ്പ്രാനു ബോധ്യമായല്ലോ. ഈ തെരുവു നാടകം തീര്‍ന്നപ്പോള്‍ കാഴ്ചക്കാര്‍ക്കൊക്കെ ഒരു സംശയം ബാക്കി. വേലി ചാടുന്ന പശു കോലു കൊണ്ടു ചാകും എന്നൊരു പഴമൊഴിയുണ്ട്. അപ്പോള്‍ മതിലു ചാടുന്നവര്‍ക്ക് എന്താണാവോ..?

ഒടുവില്‍ ചേകന്നൂര്‍ മൌലവിയെ വധിച്ച കേസിന്റെ വിധി വന്നു. ചാനലുകള്‍ക്കും പത്രക്കാര്‍ക്കുമൊക്കെ ഈ സംഭവം വെറും ഒരു ‘സൈഡ് സ്റ്റോറി’ മാത്രമായിരുന്നു. മൌലവിയെ കൊന്ന മൌലികവാദികളെക്കുറിച്ച് ചര്‍ച്ച ചെയ്യാനോ, വിദേശ രാജ്യങ്ങളില്‍ ഒളിവില്‍ കഴിയാന്‍ പ്രതികളെ സഹായിച്ച ‘അജ്ഞാത ശക്തികളെ’ കണ്ടെത്താനോ, കോടതി വെറുതേ വിട്ട ‘പ്രതികളെ’ ശിക്ഷിക്കണമെന്ന് ആവശ്യപ്പെടാനോ, വെറുതേ വിട്ട ന്യായാധിപന്റെ നീതിബോധത്തെ പരിശോധിക്കാനോ ഒന്നും ഒരു വാര്‍ത്താ അവതാരകനും ‘ന്യൂസ് അവറുകളില്‍’ ടൈയും മുറുക്കി ഇരുന്നു കണ്ടില്ല. വെറുതേ വിട്ട പ്രതികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജഡ്ജിയുടെ കോലം കത്തിക്കാനും പ്രകടനം നടത്താനും വിപ്ലവ സംഘടനക്കാരും എത്തിയില്ല. എന്നാല്‍ ആലുവയിലെ ഒരു കന്യാസ്ത്രീ മഠത്തിലെ ‘അടുക്കള വഴക്ക് ‘ അന്താരാഷ്ട്ര പ്രശ്നമാക്കി ചിത്രീകരിക്കാന്‍ ചില ചാനലുകള്‍ കൊണ്ടുപിടിച്ച ശ്രമം നടത്തുകയും ചെയ്തു. ഒക്കെ കാണുമ്പോള്‍ ആകെയൊരു കണ്‍ഫ്യൂഷന്‍… ഇവര്‍ക്കൊക്കെ ‘നീതിക്കു വേണ്ടിയുള്ള വിശപ്പും ദാഹവും’ കത്തോലിക്കാ സഭയുടെയും സ്ഥാപനങ്ങളുടെയും തിണ്ണയില്‍ എത്തുമ്പോള്‍ മാത്രമേ ഉള്ളോ..?

മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുകള്‍ മാത്രം ഉള്‍പ്പെടുത്തി ഡെന്മാര്‍ക്കില്‍ പുസ്തകം പുറത്തിറങ്ങിയിരിക്കുന്നതായി വാര്‍ത്ത. ഡാവിഞ്ചി കോഡ് എന്ന നോവല്‍ ഇറങ്ങിയപ്പോള്‍ ‘കാമുകനായ ക്രിസ്തു’ എന്ന ടൈറ്റിലില്‍ കവര്‍ സ്റ്റോറി ചെയ്ത മാധ്യമം ആഴ്ചപതിപ്പും, കോഡിനെ മലയാളത്തിലാക്കി കേരളീയരെ പ്രബുദ്ധരാക്കിയ ഡി.സി ബുക്‍സും ഈ പുസ്തകത്തിന്റെ കാര്യത്തിലും ഇതൊക്കെ ചെയ്യുമോ?

‘സഭയോടൊത്ത് ചിന്തിക്കുവാനും അവളുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനുമുള്ള സന്മനസ് ‘ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വെളിപ്പെടുത്തിയതാണ് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്താ പ്രാധാന്യം നേടിയ ഒരു സംഭവം. ‘ജനങ്ങളെ സേവിക്കാന്‍ സഭയോടൊത്ത് പ്രവര്‍ത്തിക്കും – പിണറായി’ എന്നതായിരുന്നു പത്ര,ടെലിവിഷന്‍ വാര്‍ത്തകളുടെ തലക്കെട്ട്. ‘അഭിവന്ദ്യര്‍ക്ക് നല്ല നമസ്കാരം’ പറഞ്ഞ് അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ വിജയനിറങ്ങുന്നത് എന്തിനാണെന്ന് അച്യുതാനന്ദനു വരെ അറിയാം. പഞ്ചായത്ത് തെരഞ്ഞെടുപ്പാണു വരുന്നത്, സ്വതന്ത്രരെയും, ഡമ്മികളെയും ഒക്കെ ഇറക്കുന്ന കൂട്ടത്തില്‍ ഇതുപോലെ ചില പ്രസ്താവനകളും ഇറക്കിക്കൊണ്ടിരുന്നാല്‍ എന്തെങ്കിലുമൊക്കെ ഗുണം ഉണ്ടാകുമെന്ന് പിണറായിക്കറിയാം. അണ്ണാനെ മരം കയറ്റം പഠിപ്പിക്കേണ്ട, വിജയനെ അടവു നയവും.

No comments:

Post a Comment